Monday 29 March 2010

മോഹിനിയാട്ടത്തില്‍ ഇന്ന് പ്രചാരത്തിലുള്ള ഇനങ്ങള്‍



ഭരതമുനി നാട്യ ശാസ്ത്രത്തില്‍ പ്രതിപാദിക്കുന്ന ഭാരതി, സാത്വതി, ആരഭടി ,കൈശികി എന്നീ ചതുര്‍വൃത്തികളില്‍ ലാസ്യ-ലാവണ്യസമ്പന്നമായ കൈശികീവൃത്തിയില്‍ ഊന്നിയ ചലനങ്ങളാണു മോഹിനിയാട്ടത്തിന്റെ മുഖമുദ്ര. രസ രാജന്‍ എന്നറിയപ്പെടുന്ന ശൃംഗാരമാണു മോഹിനിയാട്ടത്തില്‍ കൂടുതലായി ആവിഷ്കരിക്കപ്പെടാറുള്ളതു്. ശൃംഗാരരസപ്രകരണത്തിനു ഏറ്റവും അനുയോജ്യമായ വൃത്തിയും കൈശികിയത്രെ.മോഹിനിയാട്ടത്തില്‍ മൊത്തം നാല്‍പ്പതോളം ‘അടവുകള്‍’ എന്നറിയപ്പെടുന്ന അടിസ്ഥാന ശരീര ചലനങ്ങള്‍ ആണ് ഉള്ളത്‌.
പ്രധാനമായും രണ്ട് രീതികളാണ് മോഹിനിയാട്ടത്തിലിന്നു നിലവിലുള്ളത്. ഒന്ന് കല്ല്യാണിക്കുട്ടിയമ്മ രീതി,മറ്റൊന്ന് കലാമണ്ഡലം രീതി.
മോഹിനിയാട്ടത്തില്‍ ഇന്ന് പ്രചാരത്തിലുള്ള ഇനങ്ങള്‍
ചൊല്‍ക്കെട്ട്
‘ചൊല്‍ക്കെട്ട്‘ എന്ന നൃത്തം നൃത്യമൂര്‍ത്തികളായ ശിവപാര്‍വതിമാരെ സ്‌തുതിച്ച് കൊണ്ട് തുടങ്ങുന്നു. ചൊല്ലുകളുടെ സമാഹാരങ്ങളും പദസാഹിത്യവും ചേര്‍ന്ന് ലാസ്യ പ്രധാനമാണ് ചൊല്‍ക്കെട്ട്. മോഹിനിയാട്ടത്തില്‍ മാത്രം കാണാവുന്ന രൂപമാണ് ചൊല്‍ക്കെട്ട്. ‘അടവുകള്‍’ ആവര്‍ത്തിച്ച് അഭ്യസിച്ചുറച്ചുകഴിഞ്ഞശേഷമാണ് ചൊല്‍ക്കെട്ടഭ്യസിക്കുന്നത്. മോഹിനിയാട്ടത്തിലെ ഏറ്റവും ലളിതമായ നൃത്തരൂപമാണ് ചൊല്‍ക്കെട്ട്.

"കിടതക താധിം തധിമി ധിമിതക ജൊണുതക
ജൊണുതക ധിമിതക തധിംകിണതോം കിണതോം
ഭഗവതീ കല്യാണീ ദേഹീമേ മംഗളം"....എന്നുതുടങ്ങുന്ന ചൊല്‍ക്കെട്ട് പ്രസിദ്ധമാണ്.

ജതിസ്വരം
ചൊല്‍ക്കെട്ടിനു ശേഷമാണ് ജതിസ്വരം അഭ്യസിക്കാറുള്ളത്‍ . പേരുപോലെത്തന്നെ ജതികളും സ്വരങ്ങളും കൂടുതലായുപയോഗിച്ച്, സാഹിത്യം കുറച്ചുമാത്രം ഉള്‍ക്കൊള്ളിച്ച് പ്രത്യേക രാഗത്തില്‍ ചിട്ടപ്പെടുത്തിയിരിക്കുന്ന ഒന്നാണിത്.

പദം
മോഹിനിയാട്ടത്തിലെ ലളിതവും മനോഹരവുമായതും, നര്‍ത്തകിക്ക് തന്റെ അഭിനയത്തികവ് പ്രകടിപ്പിക്കാന്‍ ഏറെ സാധ്യത നല്കുന്നതുമായൊരിനമാണ് പദം. വിപ്രലംഭശൃംഗാരവും, വിരഹവുമായിരിക്കും മിക്ക പദങ്ങളുടേയും ഉള്ളടക്കം.സ്വാതിതിരുനാള്‍ രാമവര്‍മ്മ രചിച്ച നിരവധിപ്രസിദ്ധമായ പദങ്ങള്‍ ഇന്നും മോഹിനിയാട്ടവേദികളില്‍ തിളങ്ങിനില്ക്കുന്നു.

"തരുണീ ഞാന്‍ എന്തു ചെയ് വൂ ഹന്ത
മാമക ദയിതനെന്നേ മറന്നോ"......

"പൂന്തേന്‍ നേര്‍മൊഴി സഖിഞാന്‍ വിരഹം
പൂണ്ടുവലഞ്ഞിടലായ്‍ കാമിനി"....

തുടങ്ങിയവ ഏതാനും ഉദാഹരണങ്ങള്‍ മാത്രം

പദവര്‍ണം
പല്ലവി , അനുപല്ലവി,സ്വരം,ചരണം എന്നിങ്ങനെ കൃത്യമായി ചിട്ടപ്പെടുത്തിയതാണ് വര്‍ണം. പദത്തേക്കാള്‍ വിഷമകരമാണ് പദവര്‍ണം.അനുപല്ലവി ആവര്ത്തിച്ചു പാടി ഹസ്തമുദ്രകളിലൂടെയും, ഭാവാഭിനയങ്ങളിലൂടെയും കഥ വിന്യസിച്ചിരിക്കും . ഇതിനുപുറമേ സ്വരങ്ങളില്‍ വിവിധ അടവുകളും ഉള്‍ക്കൊള്ളിച്ചിരിക്കും അതുകൊണ്ടുതന്നെ മത്സരവേദികളിലുംമറ്റും സ്വീകാര്യമായതും വര്‍ണംതന്നെ.മലയാളംകൂടാതെ, സംസ്കൃതം,തമിഴ്, തെലുങ്ക്,ഹിന്ദി, കന്നട കൃതികളും മോഹിനിയാട്ടത്തിന് ഉപയോഗിച്ചുകാണാറുണ്ട്.

"പന്നകേന്ദ്ര ശയനശ്രീ പദ്മനാഭ മുദാകാമ"....

"സുമസായകാ വേധുനാ അവമാധവാ സുധതീ അധിതീ നാ"....

തുടങ്ങിയവ കാലങ്ങളായി പ്രചാരത്തിലുള്ള വര്‍ണ്ണങ്ങളാണ്.

തില്ലാന
മോഹിനിയാട്ടത്തിലെ മറ്റൊരുപ്രധാന ഇനമായ തില്ലാന ഏറെ ജനസമ്മിതിയുള്ള ഒരിനമാണ്. ചടുലതാളത്തിലുള്ള വായ്ത്താരികള്‍ക്കൊപ്പിച്ചുള്ള ദേഹചലനങ്ങളാണ് ഇതിന്റ ആകര്‍ഷണീയത.

" ഗീത് ധുന് കി തക ധീം നാധൃകിടതോം
നാചിരഹഗോരി താം ധിതാം തെയ്തതൈ ധിനകുസം
ഗീത് ധുന് കി തക ധീം".......എന്ന സ്വാതിതിരുനാള്‍ രചിച്ച തില്ലാന ഏറെ പ്രസിദ്ധമാണ്.

പുതിയ തലമുറയിലെ കഴിവുറ്റ മോഹിനിയാട്ടംകലാകാരികള്‍ നിരവധിപുതിയ കൃതികള്‍ ചിട്ടപ്പെടുത്തി വേദിയിലവതരിപ്പിച്ച് മോഹിനിയാട്ടത്തില്‍ വിപ്ളവകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത് ശ്രദ്ധേയമാണ്.

7 comments:

  1. വിജ്ഞാന പ്രദം ആയ ഒരു ലേഖനം .........നന്നായി ട്ടോ

    ReplyDelete
  2. മോഹിനിയാട്ട പദരചയിതാക്കളുടെ ചരിത്രവും , പ്രസിദ്ധമായ പദങ്ങളും പ്രതീക്ഷിക്കുന്നു..

    നല്ല പരിശ്രമം, ആശംസകള്‍

    ReplyDelete
  3. ഈ മേഖലയിലുള്ള അറിവ് കുറച്ചെങ്കിലും വര്‍ദ്ദിപ്പിക്കുന്നതിന് ഈ ലേഖനം സഹയിച്ചു എന്ന് പറയാതിരിക്കാന്‍ വയ്യ. നന്നായി.ആശംസകള്‍

    ReplyDelete
  4. ഒറ്റ വായന കൊണ്ട്ട് തീരുന്നതല്ലിത്. ഇനിയും വായിക്കണം.നല്ലശ്രമം. ആശംസകള്‍.....സസ്നേഹം

    ReplyDelete
  5. ഇതൊരു വേറിട്ട പരിശ്രമം!!!
    ഇനിയും തുടരുക..
    എല്ലാവിധ നന്മകളും,ആശംസകളും നേരുന്നു!!!!

    ReplyDelete
  6. സങ്കീര്‍ണ്ണമായ കാര്യങ്ങള്‍ ലളിതമായി എങ്ങനെ എഴുതാമെന്ന്
    ഇവിടെ വന്നു കണ്ടു പഠിക്കണം.

    സത്യത്തില്‍ ഞാന്‍ ഭാവനയില്‍ കാണുകയാണ് നീനടീച്ചറിന്റെ കെമിസ്ട്രി ക്ലാസ്സ്.

    ReplyDelete

Followers