തമിഴ്നാട്ടിലെ ദേവദാസികള്‍ (1920 ലെടുത്ത ചിത്രം)
ഒമ്പതാം നൂറ്റാണ്ടു മുതല്‍ പന്ത്രണ്ടാം നൂറ്റാണ്ടു വരെ ചേരസാമ്രാജ്യത്തില്‍ ദാസിയാട്ടമെന്ന പേരില്‍ പ്രസിദ്ധമായിരുന്ന
മോഹിനിയാട്ടം , ദേവദാസികളാല്‍ അവതരിപ്പിക്കപ്പെട്ടിരുന്നത് ക്ഷേത്രങ്ങളിലും രാജസദസ്സുകളിലും മാത്രമായിരുന്നു. ക്ഷേത്രങ്ങളിലെ ജോലികള്‍ നിര്‍വഹിക്കുന്നതിനും നൃത്തകലാദികള്‍ അവതരിപ്പിക്കുന്നതിനുംവേണ്ടി ദേവന് നേര്‍ച്ചയായി സമര്‍പ്പിക്കപ്പെട്ട സ്ത്രീകളായിരുന്നൂ ദേവദാസികള്‍.ദേവന്റെ ദാസി എന്ന അര്‍ത്ഥത്തിലുള്ള ദേവദാസി ഹൈന്ദവ ക്ഷേത്രങ്ങളില്‍ നൃത്തമാടിയിരുന്ന ഒരു വിഭാഗത്തെക്കുറിക്കാന്‍ ഉപയോഗിച്ചിരുന്ന പദമായിരുന്നു. ഭാതരത്തിലുടനീളം ഒരു കാലത്ത് ഈ സമ്പ്രദായം നിലവിലുണ്ടായിരുന്നതായി കരുതപ്പെടുന്നു.നൃത്ത-ശില്പ കലയുടെ വികാസത്തെ ദേവദാസി സമ്പ്രദായം ഗണ്യമായി സ്വാധീനിച്ചിട്ടുണ്ട്. കേരളത്തിലെയും ദക്ഷിണേന്ത്യയിലെയും ക്ഷേത്രങ്ങളില്‍ നിലനിന്നിരുന്ന ദാസിയാട്ടത്തില്‍നിന്ന് ദേവദാസികള്‍ വികസിപ്പിച്ചെടുത്തതാണ് മോഹിനിയാട്ടം. 14ശ.-ത്തില്‍ രചിക്കപ്പെട്ട ശിവവിലാസം എന്ന കൃതി, നൃത്തകലയിലെ ദേവദാസികളുടെ വൈഭവത്തിന് ഉദാഹരണമാണ്. ദേവദാസികളുടെ നിശാനൃത്തത്തില്‍ ആകൃഷ്ടരായ ദേവന്മാര്‍, അത് സ്ഥിരമായി ആസ്വദിക്കുന്നതിനുവേണ്ടി ക്ഷേത്രച്ചുമരുകളില്‍ പ്രതിമകളായി മാറി എന്നാണ് ശിവവിലാസത്തില്‍ പറയുന്നത്. ദേവദാസി സമ്പ്രദായം നിലനിന്ന കാലഘട്ടത്തില്‍ വലിയ പദവിയായിട്ടാണ് കരുതപ്പെട്ടിരുന്നതെങ്കിലും കാലക്രമേണ ദേവദാസി സമ്പ്രദായം വേശ്യാവൃത്തിയായി അധഃപതിക്കുകയും 1934-ല്‍ തിരുവിതാംകൂറില്‍ ഈ സമ്പ്രദായം നിരോധിക്കപ്പെടുകയും ചെയ്തു.
മോഹിനിയാട്ടത്തിലെ പ്രതിപാദ്യ വിഷയം ശൃംഗാരരസപ്രധാനമായ ഭക്തിയും, ആരാധനയോടുകൂടിയ പ്രണയവുമായിരുന്നു.ഭഗവാന്‍ കൃഷ്ണനോ , വിഷ്ണുവോ ആയിരുന്നൂ കേന്ദ്രകഥാപാത്രങ്ങള്‍. കൂത്തിന്റേയും കൂടിയാട്ടത്തിന്റേയും അംശങ്ങള്‍ ഈ നൃത്തരൂപത്തില്‍ ദര്‍ശിക്കാം.പില്ക്കാലത്ത് കഥകളിയുടേയും , ഭരതനാട്യത്തിന്റേയും സ്വാധീനംകൂടി ഈ കലാരൂപത്തെ പുഷ്ടിപ്പെടുത്തി. ഹസ്തലക്ഷണദീപിക എന്ന ഗ്രന്ഥത്തെ അടിസ്ഥാനമാക്കിയാണ് മോഹിനിയാട്ടത്തില്‍ മുദ്രകള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. മണിപ്രവാള (സംസ്കൃതവും, മലയാളവും ഇടകലര്‍ന്ന)ഭാഷയില്‍ എഴുതപ്പെട്ട കൃതികളാണ് മോഹിനിയാട്ടത്തിനുപയോഗിക്കുന്നത്. ലാസ്യ രസപ്രധാനമായ ഭാവഹാവാദികളോടുകൂടിയ ,മെയ് വഴക്കമുള്ള മൃദുചലനങ്ങളിലൂടെയാണ് നര്‍ത്തകി അനുവാചകരോട് സംവദിക്കുന്നത്.
വേഷം, അലങ്കാരം
കസവു കരയോടുകൂടിയ കോടിക്കളര്‍ (ചന്ദനക്കളര്‍) വസ്ത്രംപ്രത്യേകരീതിയില്‍ ഞൊറിഞ്ഞുടുത്ത പരമ്പരാഗതവേഷമാണ് മോഹിനിയാട്ടത്തിനുപയോഗിക്കുന്നത്. ആഭരണങ്ങളായി പ്രധാനമായും കാതില്‍ തോട അല്ലെങ്കില്‍ ജിമിക്കിയും മാട്ടിയും, കഴുത്തില്‍ ഇറുകിക്കിടക്കുന്ന ഇളക്കത്താലി,പൂത്താലി,പാലക്കാമാല ഇവയിലേതെങ്കിലുമൊന്നും അതിനുതാഴെ നീളമേറിയ ലക്ഷ്മീമാല അല്ലെങ്കില്‍ മാങ്ങാമാല ,കൈകളില്‍ സ്വര്‍ണ്ണ വളകള്‍,മൂക്കുത്തി, പല്ലാക്ക്,അരപ്പട്ട(ഉഡ്ഢ്യാണം),നെറ്റിച്ചുട്ടി,കാലില്‍ ചിലങ്ക ഇവ അണിയുന്നു.മുടി ഇടതുവശത്തേക്ക് ചെരിച്ച് കൊണ്ടകെട്ടി മുല്ലപ്പൂചുറ്റി അലങ്കരിച്ച് മനോഹരമാക്കിയിരിക്കും.കാല്പാദങ്ങളിലും, കൈവിരല്‍ത്തുമ്പിലും കൈവെള്ളയിലും ചുവപ്പുകൊണ്ടു ഭംഗിയായെഴുതി കരിമഷി കൊണ്ട് പുരികംവരച്ച്, വാലിട്ടു കണ്ണെഴുതി,ചുവന്ന വലിയവട്ടപ്പൊട്ടിനുമുകളിലായി ചന്ദനക്കുറി തൊട്ട് ചൊടികളില്‍ ചുവപ്പുകൂടി ചാര്‍ത്തിയാല്‍ മുഖത്തെഴുത്തു പൂര്‍ത്തിയായി.
സ്ത്രൈണതയുടെ പൂര്‍ണതയാണു ലാസ്യം,,കൈരളിയുടെ കതിരോലത്തുമ്പുകളുടെ താളാത്മകമായ മൃദുചലനങ്ങളില് നിന്നാവാഹിച്ചെടുത്ത പെണ്മയുടെ തേജസ്സുറ്റ ആവിഷ്ക്കാരം മോഹിനിയാട്ടം..സമാനതകളില്ലാത്ത,ലാസ്യരസപ്രധാനമായ,മലയാളത്തിന്റെ സ്വന്തം നൃത്തരൂപത്തെ തൊട്ടുതലോടാനൊരു വിനീത ശ്രമം.....
No comments:
Post a Comment