Friday, 30 April 2010

സ്വാതിതിരുനാളും മോഹിനിയാട്ടവും


സ്വാതിതിരുനാള്‍ ബാലരാമവര്‍മ്മയുടെ ഭരണകാലം (1829-1846) സംഗീതത്തിന്റേതെന്നപോലെ മോഹിനിയാട്ടത്തിന്റേയും സുവര്‍ണകാലഘട്ടമായിരുന്നു.മലയാളം ,സംസ്കൃതം,ഹിന്ദി,തമിഴ്,കന്നട,തെലുങ്ക് എന്നീ ഭാഷകളിലായി അഞ്ഞൂറിലധികം കൃതികള്‍ അദ്ദേഹത്തിന്റേതായുണ്ട്.ഇന്നും മോഹിനിയാട്ടവേദികളില്‍ നിറഞ്ഞുനില്‍ക്കുന്ന ഒട്ടുമിക്ക പദങ്ങളും, വര്‍ണങ്ങളും,തില്ലാനകളും സ്വാതി തിരുനാളിന്റെ സംഭാവനയാണ്.ലളിതമെങ്കിലും പ്രൗഢഗംഭീരമാണ് അദ്ദേഹത്തിന്റെ കൃതികളെല്ലാം.സ്വാതിയുടെ ഇരുപത്തിമൂന്നോളം വര്‍ണങ്ങള്‍ പരിശോധിച്ചാല്‍ അവയിലെല്ലാം അദ്ദേഹത്തിന്റെ നാട്യ ശാസ്ത്രാവബോധം ത്രസിച്ചുനില്‍ക്കുന്നതു കാണാം.വര്‍ണങ്ങളുടെ സ്വരങ്ങള്‍ പലതും രചിച്ചിരിക്കുന്നത് ഭരതനാട്യം ജതിക്കനുസൃതമായാണ്.സ്വാതീ പദങ്ങളുടെ ലാളിത്യവും പദസൗകുമാര്യവും, സോപാന - കര്‍ണാടക സംഗീത ശാഖകള്‍ സമന്വയിപ്പിച്ചുകൊണ്ടുള്ള ആലാപനരീതിയും മോഹിനിയാട്ടത്തെ അനിതരസാധാരണമായൊരു അനുഭവമാക്കിമാറ്റി എന്നതാണ് സത്യം.
കേവലം 34 വയസ്സു വരെ മാത്രമേ ജീവിച്ചിരുന്നുള്ളൂവെങ്കിലും അദ്ദേഹം നൃത്തത്തിനും ,സംഗീതത്തിനും നല്‍കിയ സംഭാവന വിലമതിക്കാനാവാത്തതാണ്.അദ്ദേഹത്തിന്റെ കൃതികളിലൊന്നുംതന്നെ സ്വന്തം നാമമുദ്ര കണ്ടെത്താനാവില്ല.പകരം കുലദേവതയായ ശ്രീപദ്മനാഭസ്വാമി യുടെ മുദ്രയാണദ്ദേഹം ഉപയോഗിച്ചിരിക്കുന്നത്.സ്വാതിതിരുനാള്‍ രചിച്ചകൃതികളുടെ എണ്ണത്തെപററി കൃത്യമായ കണക്കുകള്‍ ലഭ്യമല്ല.400 കൃതികളോളമാണ് കണ്ടു കിട്ടിയിട്ടുള്ളത്.മധുരഭക്തി സ്ഫുരിക്കുന്ന പന്നഗേന്ദ്ര ശയന ശ്രീ പദ്മനാഭ മുദാ കാമ....എന്നുതുടങ്ങുന്ന രാഗമാലിക മോഹിനിയാട്ടവേദികളില്‍ ചിരപരിചിതമാണ്.ലളിതപഞ്ചമം,ഗോപികാവസന്തം,സാരംഗനാട്ട,ദ്വിജാവന്തി,ഘണ്ട,മോഹനകല്ല്യാണി,ആഹിരി,സൈന്ധവി,മാളവശ്രീ,നവരസം,പൂര്‍വകാമോദരി എന്നീ അപൂര്‍വ രാഗങ്ങളില്‍ അദ്ദേഹം കൃതികളും, പദങ്ങളും രചിച്ചു.നൃത്തത്തിനുതകും വിധം സ്വരജതി, തില്ലാന,ശബ്ദം,പദം,ജാവളി(പദങ്ങളെപ്പോലെത്തന്നെ ശൃംഗാരരസ പ്രധാനമെങ്കിലും അവയെക്കാള്‍ ലഘുവും ലളിതവുമാണ് ജാവളികള്‍. ഇവ പ്രേമഗാനങ്ങളാണ്) എന്നീ ഇനങ്ങളിലും അദ്ദേഹം കൃതികള്‍ രചിച്ചു.ധന്യാശ്രീ രാഘത്തിലുള്ള തില്ലാന അതിമനോഹരമാണ്.തെലുങ്കില്‍ രചിക്കപ്പെട്ട ഇഡുസാഹസമുലു..., സാരമൈന.... എന്നീ ജാവളികളും പ്രസിദ്ധം. ആകെയുള്ള 65 പദങ്ങളില്‍ 50 എണ്ണം മലയാളത്തിലും ബാക്കിയുള്ളവ തെലുങ്കിലും സംസ്കൃതത്തിലുമാണ്.തെലുങ്കില്‍ വലപുതാളവശമാ....എന്ന അഠാണ രാഗപദം കേരളത്തിന് പുറത്തും ഇനസമ്മിതി നേടിയതാണ്.

മോഹിനിയാട്ടത്തിനുപയോഗിക്കുന്ന ചില പ്രസിദ്ധമായ സ്വാതീ പദങ്ങള്‍

കാന്താ തവ പിഴഞാന്‍......അഠാണ
ഹാ ഹന്ത സന്താപം.........നീലാംബരി
അളിവേണീ എന്തു ശയ് വൂ....കുറിഞ്ഞി
മനസി ദുസ്സഹമയ്യോ മഥന കദനമെന്തു....ആഹിരി
കാന്തനോടു ചെന്നുമെല്ലെ......നീലാംബരി
അലര്‍ശരപരിതാപം.....സുരുട്ടി
മഹാരാജാവായിരുന്നതിനാല്‍ സ്വാതിതിരുനാളിന് ത്യാഗരാജ സ്വാമികളെപ്പോലെയോ മുത്തു സ്വാമി ദീക്ഷിതരെപ്പോലെയോ ശിഷ്യഗണങ്ങളില്ലായിരുന്നു എന്നിരുന്നാലും പില്‍ക്കാലത്ത് അദ്ദേഹത്തിന്റെ അസാമാന്യമായ സംഗീത നൈപുണിയും ,സംഗീത രചനാപാടവവും, ഒരു രാജാവും സാമൂഹ്യപരിഷ്ക്കര്‍ത്താവും എന്നതിലുപരി മഹാനായൊരു സംഗീതജ്ഞനായി അദ്ദേഹത്തെ ലോകചരിത്രത്താളുകളില്‍ സ്വര്‍ണലിപികളാല്‍ എഴുതിച്ചേര്‍ത്തു.

3 comments:

  1. കാല്‍കൊലുസ്സുകളുടെ പതിഞ്ഞ കിലുക്കം!!!
    എല്ലാവിധ ഭാവുകങ്ങളും!!!!!

    ReplyDelete
  2. ഇവിടെ കണ്ടതിലും, പരിചയപ്പെട്ടതിലും വായിച്ചതിലും സന്തൊഷം

    ReplyDelete
  3. samgeethame amara sallaapame,

    sathyatthil paattillayirunnenkil

    aattamillayirunnenkil naam enthu cheyyumaayirunnu.

    ReplyDelete

Followers