Monday, 3 May 2010

സംഗീതഹൃദയം കവര്‍ന്ന സുഗന്ധവല്ലി....

നട്ടുവാന്‍ വടിവേലു



തഞ്ചാവൂര്‍ അമ്മവീടിനകത്തളം

തഞ്ചാവൂര്‍ അമ്മവീട്



തഞ്ചാവൂര്‍ അമ്മവീടിന്റെ കിളിവാതില്‍


ലളിതകോമളപദാവലികളുടെ അസാധാരണമായ താളാത്മക വിന്യാസം സ്വാതീ കൃതികളിലെ മാത്രം പ്രത്യേകതയാണ്. അനസ്യൂതം പ്രവഹിക്കുന്ന വാക്കുകളിലൊന്നിനുപോലും മറ്റൊരു സമാനപദം കണ്ടെത്തുക അസാധ്യം.വിപ്രലംഭശൃംഗാരം മുറ്റിനില്‍ക്കുന്ന സ്വാതീ പദങ്ങളിലേക്കാഴ്ന്നിറങ്ങയാല്‍ പദ്മനാഭദാസനന്‍ പിന്നെയുമാരുടെയോ മുന്നില്‍ തന്നെ സ്വയം സമര്‍പ്പിച്ചിരുന്നില്ലേ എന്ന സന്ദേഹം സഹൃദയനില്‍ വളര്‍ന്നു വികസിക്കുന്നത് സ്വാഭാവികം.ആത്മാംശം തുളുമ്പിനില്‍ക്കുന്ന വിരഹഗാനങ്ങളിലെ "തരുണീഞാനെന്തുചെയ് വൂ ഹന്ത മാ മക ദയിതനെന്നെ മറന്നോ?"...എന്നു വിലപിക്കുന്ന ഒരുപ്രണയിനിയെ തിരഞ്ഞ് ഇനിയും അനാവരണം ചെയ്യപ്പെടാത്ത സ്വാതിയുടെ സ്വകാര്യജീവിതത്തിലേക്ക് നടന്നു ചെന്നാല്‍ എത്തിച്ചേരുന്നത് നൂപുരമണിനാദങ്ങളാല്‍ മുഖരിതമായ സുഗന്ധവല്ലിയുടെ അന്തപുരത്തിലാകും.

സ്വാതിതിരുനാളിന്റെ സദസ്സിലെ പ്രമുഖനായിരുന്നു ഭരതനാട്യ വിദ്വാനായിരുന്ന നട്ടുവാന്‍ വടിവേലു.നട്ടുവാന്‍ വടിവേലുവിനൊപ്പം ഒരിക്കല്‍ തഞ്ചാവൂരില്‍നിന്നും
അദ്ദേഹത്തിന്റെ ശിഷ്യ സുഗന്ധവല്ലി രാജസദസ്സില്‍ നൃത്തമവതരിപ്പിക്കാനെത്തി.സുഗന്ധവല്ലിയുടെ നൃത്ത നൈപുണിയില്‍ ആകൃഷ്ടനായ മഹാരാജാവ് അവരെ സ്ഥാനമാനാദികള്‍ നല്‍കി ആദരിച്ചു.നൃത്തസംഗീതരംഗത്തെ ആ അതുല്യപ്രതിഭകള്‍ക്കു പരസ്പരം തോന്നിയ ആദരവും ആരാധനയും അനുരാഗത്തിലേക്കു വഴിമാറാന്‍ അധികനാള്‍ വേണ്ടിവന്നില്ല.സുഗന്ധവല്ലിക്കുവേണ്ടി മഹാരാജാവു നിര്‍മ്മിച്ച തഞ്ചാവൂര്‍ അമ്മവീടും പരിസരവും പിന്നീട് നൃത്തസംഗീത മേളങ്ങളാല്‍ ശബ്ദമുഖരിതമായി. എന്നാല്‍ ഈ സന്തോഷം അധികകാലം നീണ്ടുനിന്നില്ല. ഏതൊരു പ്രണയകഥയിലേയും പോലെ വരേണ്യ വര്‍ഗ്ഗക്കാരായ അധികാര പ്രമുഖര്‍ വില്ലന്‍മാരായി രംഗപ്രവേശംചെയ്തു.മറുനാടന്‍ നര്‍ത്തകിയെ അവര്‍ ഭീഷണിപ്പെടുത്തി ഇറക്കിവിട്ടു.തന്റെ കാമുകനോട് അവസാനമായൊന്നു യാത്രചോദിക്കാന്‍പോലും സാധിക്കാതെ സുഗന്ധവല്ലി പടിയിറങ്ങി.അതില്പിന്നെ മഹാരാജാവ് നന്നേ ക്ഷീണിതനായികാണപ്പെട്ടു.

ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ അവഗണനയാലും നാട്ടു രാജാക്കന്‍മാര്‍ക്കിടയിലെ പടലപ്പിണക്കങ്ങളാലും പ്രായമാകും മുമ്പേ രാജ്യഭരണഭാരം ചുമലിലേറ്റേണ്ടിവന്ന സകലകലാവല്ലഭനായിരുന്ന മഹാരാജാവ് ആനന്ദം കണ്ടെത്തിയിരുന്നത് സുഗന്ധവല്ലിയോടൊത്തുള്ള സംഗീത സാന്ദ്രമായ നിമിഷങ്ങളിലായിരുന്നു. തന്റപ്രണയിനിക്കു നൃത്തമാടുവാന്‍വേണ്ടിമാത്രമായി പല പദങ്ങളും അദ്ദേഹം രചിരുന്നേത്ര. ഒരുപക്ഷേ ആ അതുല്യ പ്രതിഭകളുടെ സംഗമവേളകളിലുരുത്തിരിഞ്ഞതിനാലായിരിക്കാം പല സ്വാതീ പദങ്ങളും മോഹിനിയാട്ട നര്‍ത്തകിയുടെ ദേഹചലനങ്ങളില്‍ ഇഴപിരിക്കാനാവാത്തവിധം ഇത്രമേലിഴുകിച്ചേരുന്നത് . അതുകൊണ്ടുതന്നെ തന്റെ പ്രണയിനിയുടെ വേര്‍പാട് അദ്ദേഹത്തെ മാനസികമായി തളര്‍ത്തി . പിന്നീട് അദ്ദേഹം അധികനാള്‍ ജീവിച്ചിരുന്നില്ല.

സ്വാതിതിരുനാള്‍ നാടുനീങ്ങിയത് അദ്ദേഹത്തിന്റെ മുപ്പത്തിനാലാം വയസ്സിലായിരുന്നു. അദ്ദേഹത്തിന്റെ മരണകാരണം ഇന്നും ഉത്തരം കിട്ടാത്തൊരു ചോദ്യമായവശേഷിക്കുന്നു. തന്റെ അവസാനനാളുകള്‍ അടച്ചിട്ട പള്ളിയറക്കകത്താണദ്ദേഹം കഴിച്ചുകൂട്ടിയത്. അന്നപാനാദികളുപേക്ഷിച്ച് നിരാശാപൂര്‍ണമായതന്റെജീവിതം അദ്ദേഹം സ്വയം അവസാനിപ്പിച്ചതാണെന്നും, അവസാനകാലത്ത് ഭക്ഷണമുപേക്ഷിക്കയാലാവാം അള്‍സര്‍ ബാധിച്ച് മരണമടഞ്ഞതാണെന്നും വിശ്വസിക്കപ്പെടുന്നു. ഇന്നും ഗവേഷണ വിഷയമായ ആ മരണകാരണം അജ്ഞാതമെങ്കിലും അച്യുത് ശങ്കറിനെപ്പോലുള്ള ഗവേഷണകുതുകികള്‍ അള്‍സര്‍, ചില ത്വക് രോഗങ്ങള്‍ എന്നിവയ്ക്കുപയോഗിച്ചിരുന്ന ഒരു ഓയിന്‍മെന്റ് വലിയ അളവില്‍ സ്വാതിതിരുനാളിന്റെ സ്വകാര്യ ആവശ്യത്തിനായി പുറംരാജ്യത്തുനിന്നും വരുത്തിച്ചിരുന്നതിന്റെ രേഖകള്‍ അടുത്തിടെ കണ്ടെടുത്തിട്ടുണ്ട്.

സുഗന്ധവല്ലിയെന്ന നര്‍ത്തകിയ്ക്കെന്തു സംഭവിച്ചെന്ന് പിന്നീടാര്‍ക്കും അറിയില്ല.എന്നാല്‍ സുഗന്ധവല്ലിയെന്ന തന്റെ പ്രണയിനിക്കുവേണ്ടി സ്വാതിതിരുനാള്‍ നിര്‍മ്മിച്ച തഞ്ചാവൂര്‍ അമ്മവീട്, കൊത്തുപണികളാലും ശില്പചാരുതയാലും ആകര്‍ഷകമായി, ഇന്നും ചുരുളഴിയാത്ത സംഗീത സാന്ദ്രമായൊരു പ്രണയത്തിന്റെ നിഗൂഢ രഹസ്യങ്ങളുംപേറി തിരുവനന്തപുരം വെള്ളനാട് തലയുയര്‍ത്തിപ്പിടിച്ച് നിലകൊളുളുന്നു. സത്യമായാലും മിഥ്യയായാലും, ചരിത്രത്താളുകളിലെഴുതപ്പെടാതെപോയിട്ടും വാമൊഴിയിലൂടെ പ്രചരിപ്പിക്കപ്പെട്ട സുഗന്ധവല്ലിയുടെ കഥ "കാമിനീമണി സഖീ താവക മുഖമിന്നു കാമം സ്ഫിന്നമായതെന്തേ വദ"...തുടങ്ങിയ മഹാരാജാവിന്റെ മനോഹര പദങ്ങളെ കൂടുതല്‍ ആസ്വാദ്യകരമാക്കുന്നൂ എന്നതില്‍ തര്‍ക്കമില്ല .

3 comments:

  1. വിജ്ഞാനപ്രദം.. പ്രത്യേകിച്ച് നൃത്ത വിദ്യാർത്ഥികൾക്കും ഒരു പരിധിവരെ സ്വാതിതിരുനാളിനെ കുറിച്ചായതിനാൽ സംഗീതവിദ്യാർത്ഥികൾക്കും.. പിന്നെ ഈ ഫിസിക്സിന് ഇത്ര നന്നായി മലയാളം വഴങ്ങുമെന്നത് ഒരു കൌതുകകരമായ വസ്തുത തന്നെ.. !! മനോഹരമായ പദസമ്പത്ത്.. അഭിനന്ദനങ്ങൾ.. പാരഗ്രാഫ് തിരിച്ച് എഴുതാൻ ശ്രമിച്ചാൽ കൂടുതൽ മിഴിവേകും.. സുഗന്ധവല്ലിയുടേ കഥ മണിചിത്രത്താഴിലെ നാഗവല്ലിയെ ഓർമിപ്പിച്ചു. ഒരു പക്ഷെ, മധുമുട്ടത്തിനും ത്രെഡ് കിട്ടിയത് ഈ സുഗന്ധവല്ലിയിൽ നിന്നുമാവാം..

    ReplyDelete
  2. അതെ മനോ പറഞ്ഞത് ശരിയാ. മധു മുട്ടത്തിന് നാഗവല്ലിയെ കിട്ടിയത് ഇവിടെ നിന്നാവാം.
    ഇത് ചെറിയ കഷണങ്ങളാക്കാതെ സമഗ്രമാക്കൂ.

    പ്രണയ നഷ്ടമാവാം സ്വാതിയെ തകര്‍ത്തത്. അല്ലങ്കിലും വികാരജീവികളായ കലാകാരന്മാര്‍ അധികം ജീവിചിരുന്നിട്ടില്ലല്ലോ.
    മറ്റൊന്നു കൂടിയുണ്ട്.
    അസാധാരണനായ ഒരു കലാകാരന്‍ ഭരണാധികാരിയായാല്‍ അവസ്ഥ എന്താവും എന്നറിയാന്‍ അദ്ദേഹത്തിലേക്കു നോക്കിയാല്‍ മതി.

    ReplyDelete
  3. സ്വാതിതിരുനാള്‍ സിനിമയില്‍ കണ്ടിട്ടുള്ള അല്‍പ്പം അറിവ് മാത്രമേയുണ്ടായിരുന്നുള്ളൂ ഈ വിഷയത്തില്‍. കൂടുതല്‍ കാര്യങ്ങള്‍ ഈ പോസ്റ്റിലൂടെ മനസ്സിലാക്കാനായി. നന്ദി നീനാ.

    തഞ്ചാവൂര്‍ അമ്മ വീടും, കുതിര മാളികയുമൊക്കെ ഉടനേ പോയിക്കാണണമെന്ന ആഗ്രഹത്തിന് ഇനിയും കണ്‍‌ട്രോള് കിട്ടുമെന്ന് തോന്നുന്നില്ല :)

    ReplyDelete

Followers