Monday, 29 March 2010

മോഹിനിയാട്ടത്തില്‍ ഇന്ന് പ്രചാരത്തിലുള്ള ഇനങ്ങള്‍



ഭരതമുനി നാട്യ ശാസ്ത്രത്തില്‍ പ്രതിപാദിക്കുന്ന ഭാരതി, സാത്വതി, ആരഭടി ,കൈശികി എന്നീ ചതുര്‍വൃത്തികളില്‍ ലാസ്യ-ലാവണ്യസമ്പന്നമായ കൈശികീവൃത്തിയില്‍ ഊന്നിയ ചലനങ്ങളാണു മോഹിനിയാട്ടത്തിന്റെ മുഖമുദ്ര. രസ രാജന്‍ എന്നറിയപ്പെടുന്ന ശൃംഗാരമാണു മോഹിനിയാട്ടത്തില്‍ കൂടുതലായി ആവിഷ്കരിക്കപ്പെടാറുള്ളതു്. ശൃംഗാരരസപ്രകരണത്തിനു ഏറ്റവും അനുയോജ്യമായ വൃത്തിയും കൈശികിയത്രെ.മോഹിനിയാട്ടത്തില്‍ മൊത്തം നാല്‍പ്പതോളം ‘അടവുകള്‍’ എന്നറിയപ്പെടുന്ന അടിസ്ഥാന ശരീര ചലനങ്ങള്‍ ആണ് ഉള്ളത്‌.
പ്രധാനമായും രണ്ട് രീതികളാണ് മോഹിനിയാട്ടത്തിലിന്നു നിലവിലുള്ളത്. ഒന്ന് കല്ല്യാണിക്കുട്ടിയമ്മ രീതി,മറ്റൊന്ന് കലാമണ്ഡലം രീതി.
മോഹിനിയാട്ടത്തില്‍ ഇന്ന് പ്രചാരത്തിലുള്ള ഇനങ്ങള്‍
ചൊല്‍ക്കെട്ട്
‘ചൊല്‍ക്കെട്ട്‘ എന്ന നൃത്തം നൃത്യമൂര്‍ത്തികളായ ശിവപാര്‍വതിമാരെ സ്‌തുതിച്ച് കൊണ്ട് തുടങ്ങുന്നു. ചൊല്ലുകളുടെ സമാഹാരങ്ങളും പദസാഹിത്യവും ചേര്‍ന്ന് ലാസ്യ പ്രധാനമാണ് ചൊല്‍ക്കെട്ട്. മോഹിനിയാട്ടത്തില്‍ മാത്രം കാണാവുന്ന രൂപമാണ് ചൊല്‍ക്കെട്ട്. ‘അടവുകള്‍’ ആവര്‍ത്തിച്ച് അഭ്യസിച്ചുറച്ചുകഴിഞ്ഞശേഷമാണ് ചൊല്‍ക്കെട്ടഭ്യസിക്കുന്നത്. മോഹിനിയാട്ടത്തിലെ ഏറ്റവും ലളിതമായ നൃത്തരൂപമാണ് ചൊല്‍ക്കെട്ട്.

"കിടതക താധിം തധിമി ധിമിതക ജൊണുതക
ജൊണുതക ധിമിതക തധിംകിണതോം കിണതോം
ഭഗവതീ കല്യാണീ ദേഹീമേ മംഗളം"....എന്നുതുടങ്ങുന്ന ചൊല്‍ക്കെട്ട് പ്രസിദ്ധമാണ്.

ജതിസ്വരം
ചൊല്‍ക്കെട്ടിനു ശേഷമാണ് ജതിസ്വരം അഭ്യസിക്കാറുള്ളത്‍ . പേരുപോലെത്തന്നെ ജതികളും സ്വരങ്ങളും കൂടുതലായുപയോഗിച്ച്, സാഹിത്യം കുറച്ചുമാത്രം ഉള്‍ക്കൊള്ളിച്ച് പ്രത്യേക രാഗത്തില്‍ ചിട്ടപ്പെടുത്തിയിരിക്കുന്ന ഒന്നാണിത്.

പദം
മോഹിനിയാട്ടത്തിലെ ലളിതവും മനോഹരവുമായതും, നര്‍ത്തകിക്ക് തന്റെ അഭിനയത്തികവ് പ്രകടിപ്പിക്കാന്‍ ഏറെ സാധ്യത നല്കുന്നതുമായൊരിനമാണ് പദം. വിപ്രലംഭശൃംഗാരവും, വിരഹവുമായിരിക്കും മിക്ക പദങ്ങളുടേയും ഉള്ളടക്കം.സ്വാതിതിരുനാള്‍ രാമവര്‍മ്മ രചിച്ച നിരവധിപ്രസിദ്ധമായ പദങ്ങള്‍ ഇന്നും മോഹിനിയാട്ടവേദികളില്‍ തിളങ്ങിനില്ക്കുന്നു.

"തരുണീ ഞാന്‍ എന്തു ചെയ് വൂ ഹന്ത
മാമക ദയിതനെന്നേ മറന്നോ"......

"പൂന്തേന്‍ നേര്‍മൊഴി സഖിഞാന്‍ വിരഹം
പൂണ്ടുവലഞ്ഞിടലായ്‍ കാമിനി"....

തുടങ്ങിയവ ഏതാനും ഉദാഹരണങ്ങള്‍ മാത്രം

പദവര്‍ണം
പല്ലവി , അനുപല്ലവി,സ്വരം,ചരണം എന്നിങ്ങനെ കൃത്യമായി ചിട്ടപ്പെടുത്തിയതാണ് വര്‍ണം. പദത്തേക്കാള്‍ വിഷമകരമാണ് പദവര്‍ണം.അനുപല്ലവി ആവര്ത്തിച്ചു പാടി ഹസ്തമുദ്രകളിലൂടെയും, ഭാവാഭിനയങ്ങളിലൂടെയും കഥ വിന്യസിച്ചിരിക്കും . ഇതിനുപുറമേ സ്വരങ്ങളില്‍ വിവിധ അടവുകളും ഉള്‍ക്കൊള്ളിച്ചിരിക്കും അതുകൊണ്ടുതന്നെ മത്സരവേദികളിലുംമറ്റും സ്വീകാര്യമായതും വര്‍ണംതന്നെ.മലയാളംകൂടാതെ, സംസ്കൃതം,തമിഴ്, തെലുങ്ക്,ഹിന്ദി, കന്നട കൃതികളും മോഹിനിയാട്ടത്തിന് ഉപയോഗിച്ചുകാണാറുണ്ട്.

"പന്നകേന്ദ്ര ശയനശ്രീ പദ്മനാഭ മുദാകാമ"....

"സുമസായകാ വേധുനാ അവമാധവാ സുധതീ അധിതീ നാ"....

തുടങ്ങിയവ കാലങ്ങളായി പ്രചാരത്തിലുള്ള വര്‍ണ്ണങ്ങളാണ്.

തില്ലാന
മോഹിനിയാട്ടത്തിലെ മറ്റൊരുപ്രധാന ഇനമായ തില്ലാന ഏറെ ജനസമ്മിതിയുള്ള ഒരിനമാണ്. ചടുലതാളത്തിലുള്ള വായ്ത്താരികള്‍ക്കൊപ്പിച്ചുള്ള ദേഹചലനങ്ങളാണ് ഇതിന്റ ആകര്‍ഷണീയത.

" ഗീത് ധുന് കി തക ധീം നാധൃകിടതോം
നാചിരഹഗോരി താം ധിതാം തെയ്തതൈ ധിനകുസം
ഗീത് ധുന് കി തക ധീം".......എന്ന സ്വാതിതിരുനാള്‍ രചിച്ച തില്ലാന ഏറെ പ്രസിദ്ധമാണ്.

പുതിയ തലമുറയിലെ കഴിവുറ്റ മോഹിനിയാട്ടംകലാകാരികള്‍ നിരവധിപുതിയ കൃതികള്‍ ചിട്ടപ്പെടുത്തി വേദിയിലവതരിപ്പിച്ച് മോഹിനിയാട്ടത്തില്‍ വിപ്ളവകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത് ശ്രദ്ധേയമാണ്.

Sunday, 28 March 2010

ആദ്യകാല കൃതികളിലെ പരാമര്‍ശം

ഓട്ടന്‍ തുളളല്‍


കുഞ്ചന്‍ നമ്പ്യാര്‍

മഴമംഗലം നാരായണന്‍ നമ്പൂതിരിയുടെ (കൃസ്ത്വബ്ദം 1709-ല്‍ എഴുതിയ) "വ്യവഹാര മാല"യിലാണ് മോഹിനിയാട്ടത്തെക്കുറിച്ചുള്ള ആദ്യ പരാമര്‍ശം കാണുന്നത്.പ്രസ്തുത കൃതിയില്‍ ഒരു മോഹിനിയാട്ട പ്രദര്‍ശനത്തിനു ശേഷം കലാകാരന്മാര്‍ അവര്‍ക്കു കിട്ടിയ പ്രതിഫലം പരസ്പരം പങ്കിട്ടെടുക്കുന്നതിന്റെ കണക്കിനെക്കുറിച്ച് വിശദമായി പരാമര്‍ശിക്കുന്നുണ്ടു്.

നമ്പൂതിരിയുടെ സമകാലികനായിരുന്ന കുഞ്ചന്‍നമ്പ്യാരുടെ "ഘോഷയാത്ര"പോലുള്ള തുള്ളല്‍ കൃതികളിലും മോഹിനിയാട്ടത്തെക്കുറിച്ച് പരാമര്‍ശിച്ചിരിക്കുന്നു.

" നാടകനടനം നര്‍മ്മവിനോദം
പാഠക പഠനം പാവക്കൂത്തും
മാടണി മുലമാര്‍ മോഹിനിയാട്ടം
പാടവമേറിന പലപല മേളം"

ചന്ദ്രാംഗദചരിതം തുള്ളലില്‍ ചന്ദ്രാംഗദന്റെ വിവാഹാഘോഷ വര്‍ണ്ണന ഇപ്രകാരം വിവരിച്ചിരിക്കുന്നു

"അല്പന്മാര്‍ക്കു രസിക്കാന്‍ നല്ല ചെ-
റുപ്പക്കാരുടെ മോഹിനിയാട്ടം
ഓട്ടന്തുള്ളല്‍ വളത്തിച്ചാട്ടം
ചാട്ടം വഷളായുള്ളാണ്ട്യാട്ടം"

കുഞ്ചന്‍നമ്പ്യാരുടെ കാലാമായപ്പോഴേയ്ക്കും മോഹിനിയാട്ടം ഒരു നൃത്തരൂപമെന്ന നിലയില്‍ വളരെ അധഃപതിച്ചിരുന്നു എന്നു വ്യക്തമാക്കുന്നതാണ് മുകളില്‍പരാമര്‍ശിച്ച വരികള്‍.

വാദ്യങ്ങള്‍

തൊപ്പിമദ്ദളം

വീണ


സോപാനരീതിയിലുള്ള വായ്‌പ്പാട്ടിനൊപ്പം തൊപ്പിമദ്ദളവും, വീണയുമായിരുന്നൂ ആദ്യകാലത്ത് മോഹിനിയാട്ടത്തിനുപയോഗിച്ചിരുന്ന വാദ്യങ്ങള്‍.



വയലിന്‍

മൃതംഗം



ഇലത്താളം


ഇന്ന് മോഹിനിയാട്ടത്തിന് കര്‍ണ്ണാടക സംഗീതവും വാദ്യങ്ങളായി,മൃതംഗവും, വയലിനും, ഇലത്താളവും ഉപയോഗിക്കുന്നു.

Friday, 26 March 2010

മോഹിനിയാട്ട ചമയങ്ങള്‍ ഒരുനേര്‍ക്കാഴ്ച....

മുടിക്കെട്ടിലണിയുന്ന മുല്ലമാല
കൈവളകള്‍

ചിലങ്കകള്‍

നെറ്റിച്ചുട്ടിയും തലയിലണിയുന്ന സൂര്യചന്ദ്രന്‍മാരും
മൂക്കിലണിയുന്ന നാത്ത് അഥവാ പല്ലാക്ക് , വാളി

ലക്ഷ്മീ അരപ്പട്ട അഥവാ ലക്ഷ്മീ ഉഢ്യാണം

ഇളക്കത്താലി

മൂക്കുത്തി

ജിമിക്കി

മാട്ടി


നാഗഭടത്താലിക്കുപകരം കഴുത്തിലണിയുന്ന പൂത്താലി



കഴുത്തില്‍ ചേര്‍ത്തുകെട്ടുന്ന നാഗഭടത്താലി

മോഹിനിയാട്ടത്തിലെ മനോഹരമായ കസവു ഞൊറികളോടുകൂടിയ ഉടുത്തുകെട്ട്



മോഹിനിയാട്ടം നര്‍ത്തകി കഴുത്തിലണിയുന്ന പരമ്പരാഗത കാശിമാല.


അരക്കെട്ടിലണിയുന്ന ഉഢ്യാണം



കാശിമാലയ്ക്കുപകരമായി ഉപയോഗിക്കാറുള്ള മാങ്ങാമാല

Wednesday, 24 March 2010

ചരിത്ര പശ്ചാതലം

തമിഴ്നാട്ടിലെ ദേവദാസികള്‍ (1920 ലെടുത്ത ചിത്രം)

ഒമ്പതാം നൂറ്റാണ്ടു മുതല്‍ പന്ത്രണ്ടാം നൂറ്റാണ്ടു വരെ ചേരസാമ്രാജ്യത്തില്‍ ദാസിയാട്ടമെന്ന പേരില്‍ പ്രസിദ്ധമായിരുന്ന
മോഹിനിയാട്ടം , ദേവദാസികളാല്‍ അവതരിപ്പിക്കപ്പെട്ടിരുന്നത് ക്ഷേത്രങ്ങളിലും രാജസദസ്സുകളിലും മാത്രമായിരുന്നു. ക്ഷേത്രങ്ങളിലെ ജോലികള്‍ നിര്‍വഹിക്കുന്നതിനും നൃത്തകലാദികള്‍ അവതരിപ്പിക്കുന്നതിനുംവേണ്ടി ദേവന് നേര്‍ച്ചയായി സമര്‍പ്പിക്കപ്പെട്ട സ്ത്രീകളായിരുന്നൂ ദേവദാസികള്‍.ദേവന്റെ ദാസി എന്ന അര്‍ത്ഥത്തിലുള്ള ദേവദാസി ഹൈന്ദവ ക്ഷേത്രങ്ങളില്‍ നൃത്തമാടിയിരുന്ന ഒരു വിഭാഗത്തെക്കുറിക്കാന്‍ ഉപയോഗിച്ചിരുന്ന പദമായിരുന്നു. ഭാതരത്തിലുടനീളം ഒരു കാലത്ത് ഈ സമ്പ്രദായം നിലവിലുണ്ടായിരുന്നതായി കരുതപ്പെടുന്നു.നൃത്ത-ശില്പ കലയുടെ വികാസത്തെ ദേവദാസി സമ്പ്രദായം ഗണ്യമായി സ്വാധീനിച്ചിട്ടുണ്ട്. കേരളത്തിലെയും ദക്ഷിണേന്ത്യയിലെയും ക്ഷേത്രങ്ങളില്‍ നിലനിന്നിരുന്ന ദാസിയാട്ടത്തില്‍നിന്ന് ദേവദാസികള്‍ വികസിപ്പിച്ചെടുത്തതാണ് മോഹിനിയാട്ടം. 14ശ.-ത്തില്‍ രചിക്കപ്പെട്ട ശിവവിലാസം എന്ന കൃതി, നൃത്തകലയിലെ ദേവദാസികളുടെ വൈഭവത്തിന് ഉദാഹരണമാണ്. ദേവദാസികളുടെ നിശാനൃത്തത്തില്‍ ആകൃഷ്ടരായ ദേവന്മാര്‍, അത് സ്ഥിരമായി ആസ്വദിക്കുന്നതിനുവേണ്ടി ക്ഷേത്രച്ചുമരുകളില്‍ പ്രതിമകളായി മാറി എന്നാണ് ശിവവിലാസത്തില്‍ പറയുന്നത്. ദേവദാസി സമ്പ്രദായം നിലനിന്ന കാലഘട്ടത്തില്‍ വലിയ പദവിയായിട്ടാണ് കരുതപ്പെട്ടിരുന്നതെങ്കിലും കാലക്രമേണ ദേവദാസി സമ്പ്രദായം വേശ്യാവൃത്തിയായി അധഃപതിക്കുകയും 1934-ല്‍ തിരുവിതാംകൂറില്‍ ഈ സമ്പ്രദായം നിരോധിക്കപ്പെടുകയും ചെയ്തു.

മോഹിനിയാട്ടത്തിലെ പ്രതിപാദ്യ വിഷയം ശൃംഗാരരസപ്രധാനമായ ഭക്തിയും, ആരാധനയോടുകൂടിയ പ്രണയവുമായിരുന്നു.ഭഗവാന്‍ കൃഷ്ണനോ , വിഷ്ണുവോ ആയിരുന്നൂ കേന്ദ്രകഥാപാത്രങ്ങള്‍. കൂത്തിന്റേയും കൂടിയാട്ടത്തിന്റേയും അംശങ്ങള്‍ ഈ നൃത്തരൂപത്തില്‍ ദര്‍ശിക്കാം.പില്ക്കാലത്ത് കഥകളിയുടേയും , ഭരതനാട്യത്തിന്റേയും സ്വാധീനംകൂടി ഈ കലാരൂപത്തെ പുഷ്ടിപ്പെടുത്തി. ഹസ്തലക്ഷണദീപിക എന്ന ഗ്രന്ഥത്തെ അടിസ്ഥാനമാക്കിയാണ് മോഹിനിയാട്ടത്തില്‍ മുദ്രകള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. മണിപ്രവാള (സംസ്കൃതവും, മലയാളവും ഇടകലര്‍ന്ന)ഭാഷയില്‍ എഴുതപ്പെട്ട കൃതികളാണ് മോഹിനിയാട്ടത്തിനുപയോഗിക്കുന്നത്. ലാസ്യ രസപ്രധാനമായ ഭാവഹാവാദികളോടുകൂടിയ ,മെയ് വഴക്കമുള്ള മൃദുചലനങ്ങളിലൂടെയാണ് നര്‍ത്തകി അനുവാചകരോട് സംവദിക്കുന്നത്.


വേഷം, അലങ്കാരം
കസവു കരയോടുകൂടിയ കോടിക്കളര്‍ (ചന്ദനക്കളര്‍) വസ്ത്രംപ്രത്യേകരീതിയില്‍ ഞൊറിഞ്ഞുടുത്ത പരമ്പരാഗതവേഷമാണ് മോഹിനിയാട്ടത്തിനുപയോഗിക്കുന്നത്. ആഭരണങ്ങളായി പ്രധാനമായും കാതില്‍ തോട അല്ലെങ്കില്‍ ജിമിക്കിയും മാട്ടിയും, കഴുത്തില്‍ ഇറുകിക്കിടക്കുന്ന ഇളക്കത്താലി,പൂത്താലി,പാലക്കാമാല ഇവയിലേതെങ്കിലുമൊന്നും അതിനുതാഴെ നീളമേറിയ ലക്ഷ്മീമാല അല്ലെങ്കില്‍ മാങ്ങാമാല ,കൈകളില്‍ സ്വര്‍ണ്ണ വളകള്‍,മൂക്കുത്തി, പല്ലാക്ക്,അരപ്പട്ട(ഉഡ്ഢ്യാണം),നെറ്റിച്ചുട്ടി,കാലില്‍ ചിലങ്ക ഇവ അണിയുന്നു.മുടി ഇടതുവശത്തേക്ക് ചെരിച്ച് കൊണ്ടകെട്ടി മുല്ലപ്പൂചുറ്റി അലങ്കരിച്ച് മനോഹരമാക്കിയിരിക്കും.കാല്പാദങ്ങളിലും, കൈവിരല്‍ത്തുമ്പിലും കൈവെള്ളയിലും ചുവപ്പുകൊണ്ടു ഭംഗിയായെഴുതി കരിമഷി കൊണ്ട് പുരികംവരച്ച്, വാലിട്ടു കണ്ണെഴുതി,ചുവന്ന വലിയവട്ടപ്പൊട്ടിനുമുകളിലായി ചന്ദനക്കുറി തൊട്ട് ചൊടികളില്‍ ചുവപ്പുകൂടി ചാര്‍ത്തിയാല്‍ മുഖത്തെഴുത്തു പൂര്‍ത്തിയായി.

Saturday, 6 March 2010

പേരിനുപിന്നില്‍....

പണ്ടു പാലാഴിമഥനശേഷം അസുരന്‍മാരില്‍ നിന്നും അമൃതുകൈവശപ്പെടുത്താന്‍ വിഷ്ണുഭഗവാന്‍ വശ്യമനോഹരമായ മോഹിനീരൂപം പൂണ്ട് അസുരന്‍മാരെ സമിപിച്ചു.ആ സുരസുന്ദരിയിലാകൃഷ്ടരായ അസുരന്‍മാര്‍ അമൃതകുംഭം മോഹിനിയ്ക്കു കൈമാറി.അഴകിന്റെ പര്യായമായ "മോഹിനിയുടെ" ആട്ടം അഥവാ "നൃത്തം" ആണത്രേ പിന്നീടു മോഹിനിയാട്ടം ​എന്ന ​കലാരൂപമായിമാറിയത്.

മോഹിനിയാട്ടം

Followers