Tuesday 25 May 2010

കൈകൊട്ടിക്കളിയുടെ കൈപിടിച്ചുയിര്‍ത്തെഴുനേറ്റ മോഹിനിയാട്ടം



സ്വാതി തിരുനാളിനുശേഷം ഏറെക്കാലം മോഹിനിയാട്ടം പോലുള്ള ശാസ്ത്രീയ നൃത്തരൂപങ്ങള്‍ സ്ത്രീകള്‍ രംഗത്തവതരിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കപ്പെട്ടിരുന്നില്ലെങ്കിലും കേരളത്തിലെ വനിതകളുടെ തനതു സംഘനൃത്തമായിരുന്ന കൈകൊട്ടിക്കളി പരക്കെ അംഗീകരിക്കപ്പെട്ട ഒന്നായിരുന്നു.സുദീര്‍ഘവും മംഗളകരവുമായ ദാമ്പത്യം പ്രധാനംചെയ്യുന്ന കലാരൂപം എന്ന വിശ്വാസത്തിന്റെ പിന്‍ബലംകൂടി കൈകൊട്ടിക്കളിക്കുണ്ടായിരുന്നു.സ്ത്രീകള്‍ ചെറുസംഘങ്ങളായിതിരിഞ്ഞാണ് ഇതഭ്യസിച്ചിരുന്നത്. തിരുവാതിരക്കളി,കുമ്മികളി എന്നീ പേരുകളിലറിയപ്പെട്ടിരുന്നതും ചെറിയ ദേശാന്തര വ്യത്യാസങ്ങളോടുകൂടിയ കൈകൊട്ടിക്കളിതന്നെയാണ്.പുരാതനകാലത്ത് തിരുവാതിരനാളില്‍തുടങ്ങി അടുത്തമാസം തിരുവാതിരവരെ 28 ദിവസം നീളുന്നതായിരുന്നു തിരുവാതിരക്കളി.ആദ്യതിരുവാതിരയ്ക്കുമുന്‍പുള്ള മകംനാളില്‍ തുടങ്ങുന്ന എട്ടങ്ങാടി എന്നപഥ്യഭക്ഷണത്തോടെയാണ് തിരുവാതിരയുടെ തുടക്കം.ചേമ്പ്, ചേന, കാച്ചില്‍, കായ, കിഴങ്ങ്, പയര്‍, പഞ്ചസാര, തേന്‍ എന്നിവയാണ് എട്ടങ്ങാടിയുടെ ചേരുവകള്‍. എന്നാല്‍ ചിലയിടങ്ങളില്‍ ധനുമാസത്തിലെ തിരുവോണംനാളില്‍ തുടങ്ങി തിരുവാതിര നാളില്‍ അവസാനിക്കുന്ന 11ദിവസം നീളുന്ന ഒരുകലാരൂപമായും ഇതവതരിപ്പിച്ചിരുന്നു.

തിരുവാതിരക്കളിക്കാരുടെ സംഘത്തിന് ഒരു നായിക ഉണ്ടായിരിക്കും അവള്‍ ചൊല്ലുന്ന വരികള്‍ മറ്റുള്ളവര്‍ ഏറ്റുചൊല്ലുകയാണ് പതിവ്‍.ലാസ്യരസപ്രധാനമായിരിക്കും വരികള്‍. തിരുവാതിരക്കളിപ്പാട്ടുകള്‍ക്ക് വന്ദനശ്ലോകം,കുമ്മി,മംഗളം എന്നീ മൂന്നു ഭാഗങ്ങള്‍ നിര്‍ബന്ധമാണ്.. കളിക്കാര്‍, ഒന്നരയും കസവുകരയുളള കോടിക്കളര്‍ വേഷ്ടിയും മുണ്ടും ധരിച്ച് കത്തിച്ചുവെച്ച നിലവിളക്കിനും നിറപറയ്ക്കും ചുറ്റുമായി വട്ടത്തില്‍ നിന്ന് പരസ്പരം താളത്തില്‍ കയ്യടിച്ചുകളിക്കുന്നു.വാലിട്ടു കണ്ണെഴുതി ,കുങ്കുമവും ,ചന്ദനക്കുറിയുംതൊട്ട് മുടികെട്ടിവെച്ച് മുല്ലപ്പൂവും ദശപുഷ്പവും( കൃഷ്ണക്രാന്തി,ചെറൂള, മുയല്‍ചെവിയന്‍,ഉഴിഞ്ഞ,മുക്കുറ്റി, തിരുതാളി,കറുക,കയ്യുണ്ണി,നിലപ്പന,പൂവാംകുറുന്നില എന്നീ 10 ഔഷധഗുണമുള്ള കേരളീയനാട്ടുചെടിയുടെ ഇലകള്‍)ചൂടി ആഭരണങ്ങളണിഞ്ഞ് കന്യകമാരെന്നോ,സുമംഗലികളായ മധ്യയവയസ്ക്കരെന്നോ വ്യത്യാസമില്ലാതെ സ്ത്രീകള്‍ കൈകൊട്ടിക്കളിയില്‍ഒത്തുചേര്‍ന്നു. സാധാരണയായി വാര്യങ്ങളും ഇല്ലങ്ങളുമായിരുന്നൂ തിരുവാതിരക്കളിയുടെ അരങ്ങുകള്‍.അതുകൊണ്ടുതന്നെ ഈ കലാരൂപം വലിയൊരു കാലയളവുവരെ ഉന്നതകുലജാതരായ സ്ത്രീകള്‍ക്കിടയിലൊതുങ്ങിനിന്നു.പൊതുവേദികളിലവതരിപ്പിക്കപ്പെടാന്‍ തുടങ്ങിയതോടെയാണ് ജാതീയ അതിര്‍വരമ്പുകള്‍ ഭേദിച്ച് മറ്റുപലകലാരൂപങ്ങളെയുമെന്നപോലെ കൈകൊട്ടിക്കളിയും ജനകീയമായത്‍.ലളിതതമായ ചുവടുകളാണ് തിരുവാതിരക്കളിയുടെ പ്രത്യേകത അതുകൊണ്ടുതന്നെ മുന്നൊരുക്കങ്ങളില്ലാതെത്തന്നെ പെട്ടന്നുകടന്നുവരുന്നഒരാള്‍ക്കും ഇതില്‍ പങ്കുചേരാം.ഓണം , തിരുവാതിര തുടങ്ങിയ ആഘോഷങ്ങളിലാണ് സാധാരണ തിരുവാതിരക്കളി അവതരിക്കപ്പെട്ടിരുന്നത്. കൂടാതെ നമ്പൂതിരി ഇല്ലങ്ങളില്‍ കല്ല്യാണങ്ങളിലും ഇതവതരിപ്പിച്ചിരുന്നു.പഴയകാലത്ത് വീടുകളില്‍ തിരുവാതിരകളി പഠിപ്പിക്കാനായി പ്രത്യേകം ആശാന്മാരെത്തിയിരുന്നു. ഈ ആശാന്മാര്‍ ഒരു സംഘം വനിതകളെ പഠിപ്പിക്കുന്നതിനൊപ്പം ഒന്നോ രണ്ടൊ ആണ്‍കുട്ടികളെയും പഠിപ്പിക്കും. ഈ ആണ്‍കുട്ടികള്‍ കളിയില്‍ പങ്കെടുക്കുകയില്ലെങ്കിലും അവര്‍ പിന്നീട് കളിയാശാന്മാരായിത്തീരും. ഹാര്‍മോണിയം ഉപയോഗിച്ച് ശ്രുതിയിട്ടു പാടിയിരുന്നതിനാല്‍ ചിലയിടങ്ങളില്‍ പെട്ടിവെച്ചുകളി എന്നും ഇതറിയപ്പെട്ടിരുന്നു.

അപ്പോഴേക്കും തേവിടിശ്ശിയാട്ടമെന്നപേരില്‍ തെരുക്കൂത്തായി മലിനമാക്കപ്പെട്ട് മൃതപ്രാണയായിക്കഴിഞ്ഞിരുന്ന മോഹിനിയാട്ടത്തെ ചില സഹൃദയരായ കൈകൊട്ടിക്കളിയാശാന്‍മാര്‍ കണ്ടെടുത്തു. 1920-കളില്‍ കൊരട്ടിക്കര എന്നയിടത്തു കൈകൊട്ടിക്കളി പഠിപ്പിച്ചു വന്നിരുന്ന കളിയാശാന്‍ കളമൊഴി കൃഷ്ണമേനോന്റെ ശിഷ്യകളില്‍ ചിലര്‍ മോഹിനിയാട്ടത്തിലാകൃഷ്ടരായി അതുകൂടിപരിശീലിച്ചുവന്നു.അവരില്‍നിന്നും പഴയന്നൂര്‍ ചിന്നമ്മുഅമ്മ, പെരിങ്ങോട്ടുകുറിശ്ശി ഓ.കല്യാണിഅമ്മ, കൊരട്ടിക്കര മാധവിഅമ്മ, ഇരിങ്ങാലക്കുട നടവരമ്പ് കല്യാണിഅമ്മ തുടങ്ങിയവരെ അപ്പേക്കാട്ടു കൃഷ്ണമേനോന്‍ സകല എതിര്‍പ്പുകളേയും അവഗണിച്ചുകൊണ്ട് മോഹിനിയാട്ടം അഭ്യസിപ്പിക്കുവാന്‍ തുടങ്ങി.മരണത്തോട് മല്ലടിച്ചിരുന്ന മോഹിനിയാട്ടത്തിന് പുതുജീവന്‍ പകരുന്നതായിരുന്നൂ ആ ഉദ്യമം.

ചരിത്ര രേഖകളിലെ സുഗന്ധവല്ലി

സുഗന്ധവല്ലിയുടെ വേര്‍പാടില്‍ മനംനൊന്ത് മരണം സ്വയം വരിച്ച സ്വാതിതിരുനാളിനെയാണ് പറഞ്ഞുപതിഞ്ഞ പഴങ്കഥകളില്‍ കാണുന്നതെങ്കിലും പ്രസിദ്ധ ചരിത്രകാരനും സാഹിത്യകാരനുമായ പട്ടം രാമചന്ദ്രന്‍നായര്‍ 'തിരുവനന്തപുരത്തിന്റെ ഇതിഹാസം' എന്ന കൃതിയില്‍ ആധികാരികതയോടെ വരച്ചുകാട്ടുന്നത് മറ്റൊരു ചിത്രമാണ്. തന്റെ ആദ്യ ഭാര്യയുടെ ദേഹവിയോഗത്തിനു ശേഷം സ്വാതിതിരുനാള്‍ തിരുവട്ടാര്‍ അമ്മച്ചിയെ വിവാഹംകഴിച്ചു. അതിനുശേഷം 1844 ല്‍ അദ്ദേഹം സുന്ദരലക്ഷ്മി അമ്മാളെന്ന സുഗന്ധവല്ലിയെ തന്റെ ജീവിതസഖിയാക്കി.1845ല്‍ സുഗന്ധവല്ലിക്കുവേണ്ടി തഞ്ചാവൂര്‍ അമ്മവീടും പണികഴിപ്പിച്ചു. സുഗന്ധവല്ലി തഞ്ചാവൂരിലെ ഒരു മുതലിയാരുടെ മകളായിരുന്നു എന്നു പറയപ്പെടുന്നു.ഒരു പ്രകല്ഭയായ നര്‍ത്തകിയായിരുന്നൂ എന്ന പരാമര്‍ശത്തില്‍നിന്നുതന്നെ അക്കാലത്ത് പൊതുവേദികളില്‍ നൃത്തം ചെയ്യാനവകാശമുണ്ടായിരുന്ന ഏക വിഭാഗമായിരുന്ന ദേവദാസികളില്‍ ഒരാളായിരുന്നൂ സുഗന്ധവല്ലിയെന്നതു സ്പഷ്ടം.തഞ്ചാവൂര്‍ അമ്മവീട്ടില്‍ സുഗന്ധവല്ലി അവരുടെ വീട്ടുകാരോടൊപ്പമാണ് താമസിച്ചിരുന്നത്. 1846ല്‍ മഹാരാജാവിന്റെ മരണശേഷവും സുഗന്ധവല്ലി ആവീട്ടില്‍ എല്ലാവിധ അവകാശങ്ങളോടും ആഢംബരങ്ങളോടുംകൂടിത്തന്നെ ജീവിച്ചിരുന്നുവത്രേ. 1856ല്‍ അവരുടെ മരണശേഷം ആ വീടും സ്ഥലവും കൊട്ടാരത്തിനവകാശപ്പെട്ടതാണെന്നു പ്രഖ്യാപിച്ച സ്വാതിയുടെ അനിയനും ,പിന്‍ഗാമിയും, തിരുവട്ടാര്‍ അമ്മച്ചിയുടെ സഹോദരീ ഭര്‍ത്താവുമായിരുന്ന ഉത്രംതിരുനാള്‍ മഹാരാജാവിന്റെ നടപടിയെചോദ്യംചെയ്തുകൊണ്ട് സുഗന്ധവല്ലിയുടെ അനിയത്തി സുന്ദര പാര്‍വ്വതിപിള്ള തങ്കച്ചി മദ്രാസ് ഹൈക്കോടതിയില്‍ പെറ്റീഷന്‍ സമര്‍പ്പിച്ചു. അതേത്തുടര്‍ന്ന് 1858 ല്‍ കോടതി വിധിപ്രകാരം 10,000 രൂപ നഷ്ടപരിഹാരമായിക്കൊടുത്ത് തിരുവിതാങ്കൂര്‍ രാജകൊട്ടാരം തഞ്ചാവൂര്‍ അമ്മവീട് തിരിച്ചുപിടിച്ചതിന്റെ രേഖകള്‍ ലഭ്യമായിട്ടുണ്ടത്രേ.ചരിത്രമെന്തുതന്നെയായാലും സൂഗന്ധവല്ലിയുടേയും മഹാരാജാവിന്റെയും പ്രണയം സത്യമായിരുന്നു. പ്രിയ സഖി സുഗന്ധവല്ലിയ്ക്കായി പദ്മനാഭദാസന്‍ ഹൃദയംകൊണ്ടു രചിച്ച അമൂല്യകൃതികള്‍ മോഹിനിയാട്ടമെന്നകലാരൂപത്തിനു നല്‍കിയ സംഭാവനകള്‍ വിലമതിക്കാന്‍കഴിയാതെപോകുന്നതും അതുകൊണ്ടുതന്നെയാകാം..

Thursday 6 May 2010

മോഹിനിയാട്ടത്തിന്റെ അധ:പതനം

സ്വാതിതിരുനാളിനു ശേഷമുള്ള വലിയൊരുകാലളവ് മോഹിനിയാട്ടത്തിന്റെ തകര്‍ച്ചയുടേതായിരുന്നു. കഥകളിപ്രിയനായിരുന്നൂ സ്വാതിയുടെ പിന്‍ഗാമി ഉത്രംതിരുനാള്‍. ലാസ്യപ്രധാനമായിരുന്ന മോഹിനിയാട്ടത്തോടുള്ള അദ്ദേഹത്തിന്റെ അതൃപ്തി അതിമനോഹരമായ ആ നൃത്തരൂപത്തെ വല്ലാതെ തളര്‍ത്തി.

കൊട്ടാരത്തിലെ ആസ്ഥാന നൃത്തഗുരുക്കന്‍മാരെല്ലാം ക്രമേണ കൊട്ടാരത്തില്‍നിന്നും നിഷ്ക്കാസിതരായിത്തുടങ്ങി. മറ്റു ജീവിതമാര്‍ഗ്ഗമറിയായ്കയാലാകണം നര്‍ത്തകിമാര്‍ ശൃംഗാരാതിപ്രസരത്താല്‍ വികൃതമാക്കി, സ്തീലമ്പടന്‍ മാരായ പ്രമാണിമാരുടെ മുന്നില്‍ മോഹിനിയാട്ടത്തെ കളങ്കപ്പെടുത്തി അവതരിപ്പിച്ചു കാശുസമ്പാദിച്ചു. അത്തരത്തില്‍ വികൃതമാക്കപ്പെട്ട മോഹിനിയാട്ടത്തിന്റ പരിഛേദമാണ് മൂക്കുത്തി, ചന്ദനം, പൊലികളി തുടങ്ങിയ ഇനങ്ങള്‍.

ചന്ദനം വില്ക്കാനെന്ന വ്യാജേന കാണികള്‍ക്കിടയിലേക്കിറങ്ങിച്ചെന്ന് നൃത്തമാടുന്ന നര്‍ത്തകി കാശുവാങ്ങിച്ചശേഷം കാണികളുടെ നെറ്റിയില്‍ ചന്ദനം ചാര്‍ത്തുന്നതാണ് ചന്ദനം. മൂക്കുത്തിയിലാകട്ടെ നര്‍ത്തകി തന്റെ കളഞ്ഞുപോയ മൂക്കുത്തിയന്വേഷിച്ച് കാണികള്‍ക്കിടയിലൂടെ തിരഞ്ഞുനടന്ന് മൂക്കുത്തികണ്ടെടുക്കുന്നു.

ഇത്തരത്തില്‍ നിലവാരം കുറഞ്ഞ നൃത്തരൂപമായി ഇകഴ്ത്തപ്പെട്ട മോഹിനിയാട്ടത്തെ പാടെ നിരോധിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് അന്നു പ്രചാരത്തിലുണ്ടായിരുന്ന വിദ്യാവിനോദിനി തുടങ്ങിയ മാസികകളില്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടു. മാന്യസദസ്സുകളില്‍നിന്നും അങ്ങനെ മനോഹരമായ ഈ കലാരൂപം നിഷ്ക്കാസനം ചെയ്യപ്പെടുകയും ചെയ്തു. പില്ക്കാലത്ത് ക്ഷേത്രകലാരൂപങ്ങളോടുള്ള മിഷണറിമാരുടെ അവഗണന മറ്റുപല ക്ഷേത്രകലാരൂപത്തെയുമെന്നപോലെ മോഹിനിയാട്ടത്തേയും പ്രതികൂലമായി ബാധിച്ചു.

Monday 3 May 2010

സംഗീതഹൃദയം കവര്‍ന്ന സുഗന്ധവല്ലി....

നട്ടുവാന്‍ വടിവേലു



തഞ്ചാവൂര്‍ അമ്മവീടിനകത്തളം

തഞ്ചാവൂര്‍ അമ്മവീട്



തഞ്ചാവൂര്‍ അമ്മവീടിന്റെ കിളിവാതില്‍


ലളിതകോമളപദാവലികളുടെ അസാധാരണമായ താളാത്മക വിന്യാസം സ്വാതീ കൃതികളിലെ മാത്രം പ്രത്യേകതയാണ്. അനസ്യൂതം പ്രവഹിക്കുന്ന വാക്കുകളിലൊന്നിനുപോലും മറ്റൊരു സമാനപദം കണ്ടെത്തുക അസാധ്യം.വിപ്രലംഭശൃംഗാരം മുറ്റിനില്‍ക്കുന്ന സ്വാതീ പദങ്ങളിലേക്കാഴ്ന്നിറങ്ങയാല്‍ പദ്മനാഭദാസനന്‍ പിന്നെയുമാരുടെയോ മുന്നില്‍ തന്നെ സ്വയം സമര്‍പ്പിച്ചിരുന്നില്ലേ എന്ന സന്ദേഹം സഹൃദയനില്‍ വളര്‍ന്നു വികസിക്കുന്നത് സ്വാഭാവികം.ആത്മാംശം തുളുമ്പിനില്‍ക്കുന്ന വിരഹഗാനങ്ങളിലെ "തരുണീഞാനെന്തുചെയ് വൂ ഹന്ത മാ മക ദയിതനെന്നെ മറന്നോ?"...എന്നു വിലപിക്കുന്ന ഒരുപ്രണയിനിയെ തിരഞ്ഞ് ഇനിയും അനാവരണം ചെയ്യപ്പെടാത്ത സ്വാതിയുടെ സ്വകാര്യജീവിതത്തിലേക്ക് നടന്നു ചെന്നാല്‍ എത്തിച്ചേരുന്നത് നൂപുരമണിനാദങ്ങളാല്‍ മുഖരിതമായ സുഗന്ധവല്ലിയുടെ അന്തപുരത്തിലാകും.

സ്വാതിതിരുനാളിന്റെ സദസ്സിലെ പ്രമുഖനായിരുന്നു ഭരതനാട്യ വിദ്വാനായിരുന്ന നട്ടുവാന്‍ വടിവേലു.നട്ടുവാന്‍ വടിവേലുവിനൊപ്പം ഒരിക്കല്‍ തഞ്ചാവൂരില്‍നിന്നും
അദ്ദേഹത്തിന്റെ ശിഷ്യ സുഗന്ധവല്ലി രാജസദസ്സില്‍ നൃത്തമവതരിപ്പിക്കാനെത്തി.സുഗന്ധവല്ലിയുടെ നൃത്ത നൈപുണിയില്‍ ആകൃഷ്ടനായ മഹാരാജാവ് അവരെ സ്ഥാനമാനാദികള്‍ നല്‍കി ആദരിച്ചു.നൃത്തസംഗീതരംഗത്തെ ആ അതുല്യപ്രതിഭകള്‍ക്കു പരസ്പരം തോന്നിയ ആദരവും ആരാധനയും അനുരാഗത്തിലേക്കു വഴിമാറാന്‍ അധികനാള്‍ വേണ്ടിവന്നില്ല.സുഗന്ധവല്ലിക്കുവേണ്ടി മഹാരാജാവു നിര്‍മ്മിച്ച തഞ്ചാവൂര്‍ അമ്മവീടും പരിസരവും പിന്നീട് നൃത്തസംഗീത മേളങ്ങളാല്‍ ശബ്ദമുഖരിതമായി. എന്നാല്‍ ഈ സന്തോഷം അധികകാലം നീണ്ടുനിന്നില്ല. ഏതൊരു പ്രണയകഥയിലേയും പോലെ വരേണ്യ വര്‍ഗ്ഗക്കാരായ അധികാര പ്രമുഖര്‍ വില്ലന്‍മാരായി രംഗപ്രവേശംചെയ്തു.മറുനാടന്‍ നര്‍ത്തകിയെ അവര്‍ ഭീഷണിപ്പെടുത്തി ഇറക്കിവിട്ടു.തന്റെ കാമുകനോട് അവസാനമായൊന്നു യാത്രചോദിക്കാന്‍പോലും സാധിക്കാതെ സുഗന്ധവല്ലി പടിയിറങ്ങി.അതില്പിന്നെ മഹാരാജാവ് നന്നേ ക്ഷീണിതനായികാണപ്പെട്ടു.

ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ അവഗണനയാലും നാട്ടു രാജാക്കന്‍മാര്‍ക്കിടയിലെ പടലപ്പിണക്കങ്ങളാലും പ്രായമാകും മുമ്പേ രാജ്യഭരണഭാരം ചുമലിലേറ്റേണ്ടിവന്ന സകലകലാവല്ലഭനായിരുന്ന മഹാരാജാവ് ആനന്ദം കണ്ടെത്തിയിരുന്നത് സുഗന്ധവല്ലിയോടൊത്തുള്ള സംഗീത സാന്ദ്രമായ നിമിഷങ്ങളിലായിരുന്നു. തന്റപ്രണയിനിക്കു നൃത്തമാടുവാന്‍വേണ്ടിമാത്രമായി പല പദങ്ങളും അദ്ദേഹം രചിരുന്നേത്ര. ഒരുപക്ഷേ ആ അതുല്യ പ്രതിഭകളുടെ സംഗമവേളകളിലുരുത്തിരിഞ്ഞതിനാലായിരിക്കാം പല സ്വാതീ പദങ്ങളും മോഹിനിയാട്ട നര്‍ത്തകിയുടെ ദേഹചലനങ്ങളില്‍ ഇഴപിരിക്കാനാവാത്തവിധം ഇത്രമേലിഴുകിച്ചേരുന്നത് . അതുകൊണ്ടുതന്നെ തന്റെ പ്രണയിനിയുടെ വേര്‍പാട് അദ്ദേഹത്തെ മാനസികമായി തളര്‍ത്തി . പിന്നീട് അദ്ദേഹം അധികനാള്‍ ജീവിച്ചിരുന്നില്ല.

സ്വാതിതിരുനാള്‍ നാടുനീങ്ങിയത് അദ്ദേഹത്തിന്റെ മുപ്പത്തിനാലാം വയസ്സിലായിരുന്നു. അദ്ദേഹത്തിന്റെ മരണകാരണം ഇന്നും ഉത്തരം കിട്ടാത്തൊരു ചോദ്യമായവശേഷിക്കുന്നു. തന്റെ അവസാനനാളുകള്‍ അടച്ചിട്ട പള്ളിയറക്കകത്താണദ്ദേഹം കഴിച്ചുകൂട്ടിയത്. അന്നപാനാദികളുപേക്ഷിച്ച് നിരാശാപൂര്‍ണമായതന്റെജീവിതം അദ്ദേഹം സ്വയം അവസാനിപ്പിച്ചതാണെന്നും, അവസാനകാലത്ത് ഭക്ഷണമുപേക്ഷിക്കയാലാവാം അള്‍സര്‍ ബാധിച്ച് മരണമടഞ്ഞതാണെന്നും വിശ്വസിക്കപ്പെടുന്നു. ഇന്നും ഗവേഷണ വിഷയമായ ആ മരണകാരണം അജ്ഞാതമെങ്കിലും അച്യുത് ശങ്കറിനെപ്പോലുള്ള ഗവേഷണകുതുകികള്‍ അള്‍സര്‍, ചില ത്വക് രോഗങ്ങള്‍ എന്നിവയ്ക്കുപയോഗിച്ചിരുന്ന ഒരു ഓയിന്‍മെന്റ് വലിയ അളവില്‍ സ്വാതിതിരുനാളിന്റെ സ്വകാര്യ ആവശ്യത്തിനായി പുറംരാജ്യത്തുനിന്നും വരുത്തിച്ചിരുന്നതിന്റെ രേഖകള്‍ അടുത്തിടെ കണ്ടെടുത്തിട്ടുണ്ട്.

സുഗന്ധവല്ലിയെന്ന നര്‍ത്തകിയ്ക്കെന്തു സംഭവിച്ചെന്ന് പിന്നീടാര്‍ക്കും അറിയില്ല.എന്നാല്‍ സുഗന്ധവല്ലിയെന്ന തന്റെ പ്രണയിനിക്കുവേണ്ടി സ്വാതിതിരുനാള്‍ നിര്‍മ്മിച്ച തഞ്ചാവൂര്‍ അമ്മവീട്, കൊത്തുപണികളാലും ശില്പചാരുതയാലും ആകര്‍ഷകമായി, ഇന്നും ചുരുളഴിയാത്ത സംഗീത സാന്ദ്രമായൊരു പ്രണയത്തിന്റെ നിഗൂഢ രഹസ്യങ്ങളുംപേറി തിരുവനന്തപുരം വെള്ളനാട് തലയുയര്‍ത്തിപ്പിടിച്ച് നിലകൊളുളുന്നു. സത്യമായാലും മിഥ്യയായാലും, ചരിത്രത്താളുകളിലെഴുതപ്പെടാതെപോയിട്ടും വാമൊഴിയിലൂടെ പ്രചരിപ്പിക്കപ്പെട്ട സുഗന്ധവല്ലിയുടെ കഥ "കാമിനീമണി സഖീ താവക മുഖമിന്നു കാമം സ്ഫിന്നമായതെന്തേ വദ"...തുടങ്ങിയ മഹാരാജാവിന്റെ മനോഹര പദങ്ങളെ കൂടുതല്‍ ആസ്വാദ്യകരമാക്കുന്നൂ എന്നതില്‍ തര്‍ക്കമില്ല .

Followers