Thursday 24 June 2010

മോഹിനിയാട്ടത്തിന്റെ വേരുകള്‍ തേടി ചരിത്രത്തിന്റെ ആഴങ്ങളിലേക്കു വീണ്ടും.....


മോഹിനിയാട്ടത്തിന്റെ കാലപ്പഴക്കം സംബന്ധിച്ച് ചരിത്രകാരന്‍മാര്‍ക്കിടയില്‍ വിരുദ്ധാഭപ്രായം നിലനില്‍ക്കുന്നു.ഈ കലാരൂപത്തിന് തമിഴ് ഇതിഹാസങ്ങളായ ചിലപ്പതികാരത്തോളവും മണിമേഘലയോളവും പഴക്കമുണ്ടെന്ന് ഒരുകൂട്ടര്‍ വാദിക്കുമ്പോള്‍ പത്തൊന്‍പതാം നൂറ്റാണ്ടില്‍ സ്വാതി തിരുനാളിന്റെ സദസ്സില്‍ രൂപംകൊണ്ടതാണീ കലാരൂപമെന്ന് മറ്റൊരുകൂട്ടര്‍ വിശ്വസിക്കുന്നു.

പതിനേഴാം നൂറ്റാണ്ടിനു മുന്‍പേതന്നെ തെക്കേ ഇന്ത്യയില്‍ ദാസിയാട്ടം നിലനിന്നിരുന്നൂ എന്നതില്‍ തര്‍ക്കമില്ല.ക്രിസ്തുവിനുമുന്‍പേതന്നെ ഈ കലാരൂപം പ്രചാരത്തിലുണ്ടായിരുന്നിരിക്കാനും ഇടയുണ്ട്.ചിലപ്പതികാരത്തില്‍ പരാമര്‍ശിക്കുന്ന പ്രതിനായിക മാധവി പേരുകേട്ട നര്‍ത്തകിയായിരുന്നു. മാധവി അവതരിപ്പിച്ചിരുന്ന നൃത്തം ഭരതനാട്യമായിരുന്നില്ല മറിച്ച് ദാസിയാട്ടമായിരുന്നു. ചിലപ്പതികാരത്തിലെ നൃത്തവിവരണത്തില്‍നിന്നും അന്നത്തെ ദാസിയാട്ടത്തില്‍ ഭരതമുനിയുടെ നാട്യശാസ്ത്രത്തിന്റ സ്വാധീനം വ്യക്തമായി ദര്‍ശിക്കാം. ആര്യന്‍മാരുടെ അധിനിവേശത്തോടെ സംസ്കൃതഭാഷ പ്രചുരപ്രചാരം നേടുകയും അതിനനുസൃതമായി സംസ്കൃതഭാഷാപ്രാവീണ്യമുണ്ടായിരുന്ന ചില ദേവദാസികള്‍ നാട്യശാസ്ത്രത്തിന്റെ സത്തയുള്‍ക്കൊണ്ട് തങ്ങളുടെ ദാസിയാട്ടത്തെ കൂടുതല്‍ മികവോടെ ചിട്ടപ്പെടുത്തുകയും ദാസിയാട്ടം കൂടുതല്‍ മിഴിവുറ്റതാകുകയും ചെയ്തു.ചോള,ചേര രാജാക്കന്‍മാരുടെ കാലത്തുതന്നെ ദാസിയാട്ടം തെക്കെഇന്ത്യയില്‍ പ്രചാരത്തിലുണ്ടായിരുന്നു.തമിഴ്നാട്ടിലെ ഭക്തിപ്രസ്ഥാന കാലഘട്ടമായിരുന്നൂ അതെന്നതുകൊണ്ടുതന്നെ അക്കാലത്ത് ദാസിയാട്ടം വളരെ ആഢ്യത്തമുള്ളഒരു കലയായി പരക്കെ അംഗീകരിക്കപ്പെടുകയും ചെയ്തിരുന്നു.കേരളത്തിലെ കുലശേഖരആഴ്വാര്‍ തന്റെ ഒരു മകളെ ദേവദാസിയായി രംഗനാഥനു സമര്‍പ്പിച്ചിരുന്നൂ എന്നതുതന്നെ അന്നത്തെകാലത്ത് സമൂഹത്തില്‍ ദേവദാസികള്‍ക്കുണ്ടായിരുന്ന പവിത്രമായ സ്ഥാനവും അന്തസ്സും വിളിച്ചോതുന്നു.ചോള ,ചേര,പാണ്ഡ്യ രാജവംശങ്ങളുടെ ചേരിതിരിവ്‍ ദേവദാസികളെ പ്രതികൂലമായി ബാധിക്കുകയും അവര്‍ സംരക്ഷണത്തിനായി നാട്ടുപ്രമാണിമാരെയും പ്രഭുക്കന്‍മാരെയും ആശ്രയിക്കാന്‍ നിര്‍ബന്ധിതരാകുകയും ചെയ്തു.നാട്ടുപ്രമാണിമാരുടെ ചേരിതിരിഞ്ഞുള്ള ഭരണത്തില്‍ നീതിന്യായവ്യവസ്ഥിതികളും സദാചാരബോധവും തകിടം മറിഞ്ഞു.ഈ മാറ്റങ്ങള്‍ക്കിടയില്‍ ദേവദാസികള്‍ മറ്റുവിഭാഗങ്ങളേക്കാള്‍ക്കൂടുതലായി എല്ലാ അര്‍ത്ഥത്തിലും ക്രൂരമായി ചൂഷണംചെയ്യപ്പെട്ടു.അധികം വൈകാതെ ദാസിയാട്ടം നിയമപ്രകാരം നിര്‍ത്തലാക്കപ്പെടേണ്ടി വരുന്നിടത്തെത്തിച്ചേര്‍ന്നൂ കാര്യങ്ങള്‍.
 ഭരതനാട്യത്തിനും കുച്ചുപ്പുടിക്കുമെന്നതുപോലെ മോഹിനിയാട്ടത്തിനും അടിത്തറപാകിയത് ദാസിയാട്ടമായിരുന്നു. കുച്ചുപ്പുടി എന്ന കലാരൂപത്തിന് കേവലം 500 വര്‍ഷത്തെ പഴക്കം മാത്രമേയുള്ളൂ.
പതിനഞ്ചാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ ദാസിയാട്ടത്തിന്റെ അധപതനം അതിന്റെ പാരമ്യത്തിലെത്തിയിരുന്നു. ഈ കാലഘട്ടത്തിലാണ് മനോഹരമായ ആ കലാരൂപത്തിന്റെ അവസ്ഥയില്‍ മനംനൊന്ത പ്രഗല്ഭനായ ഒരു കലാകാരന്‍ ദാസിയാട്ടത്തിന്റെ കലാമൂല്യമുള്‍ക്കൊള്ളുന്ന സത്തയെ മാത്രംആവാഹിച്ച് തന്റേതായചിലകൂട്ടിച്ചേര്‍ക്കലുകളോടുകൂടി പുതിയൊരു നൃത്തരൂപം ചിട്ടപ്പെടുത്തിയത്.പക്ഷേ ആ പുതിയ നൃത്തരൂപം അഭ്യസിപ്പിക്കാന്‍ അദ്ദേഹത്തിന് പെണ്‍കുട്ടികളെ കിട്ടിയില്ല.കാരണം അപ്പോഴക്കും ദാസിയാട്ടം സമൂഹത്തില്‍ അത്രമാത്രം വെറുക്കപ്പെട്ടഒന്നായി മാറിക്കഴിഞ്ഞിരുന്നു. ഒടുവില്‍ ആ കലാരൂപം അദ്ദേഹം ആണ്‍കുട്ടികളെ പഠിപ്പിക്കുകയും പില്ക്കാലത്ത് കുച്ചുപ്പുടി എന്നപേരില്‍ പ്രചുരപ്രചാരം നേടിയ ആകലാരൂപത്തിന്റെ പ്രചാരകര്‍ പുരുഷന്‍മാരായിത്തീരുകയും ചെയ്തു.ഇന്നും അറിയപ്പെടുന്ന കുച്ചുപ്പുടി അവതാരകരില്‍ ഭൂരിഭാഗവും പുരുഷന്‍മാരാണ്.പിന്നീട് കലാക്ഷേത്റയിലെ ശ്രീമതി രുക്മിണീദേവി തന്റെ ശിഷ്യകളെ ഭരതനാട്യത്തോടൊപ്പം കുച്ചിപ്പുടികൂടി പഠിപ്പിക്കാന്‍ തുടങ്ങിയതോടെയാണ് നര്‍ത്തകിമാര്‍ പതിയെ കുച്ചിപ്പുടിയിലേക്ക് രംഗപ്രവേശംചെയ്തുതുടങ്ങിയത്.

മോഹിനിയാട്ടം എന്നപദം പ്രചാരത്തിലുളളത് കേരളത്തില്‍ മാത്രമാണെങ്കിലും മോഹിനിഎന്നപദം നൃത്തമാടുന്നപെണ്‍കുട്ടികളെ പരാമര്‍ശിക്കുന്നതിനായി തമിഴ്നാട്ടില്‍ പരക്കെ പ്രയോഗിച്ചിരുന്നതായി കാണാം.'മോഹിനീപണം' എന്നൊരു പദംതന്നെ നൃത്തമാടുന്നപെണ്‍കുട്ടികള്‍ക്കുള്ള പ്രതിഫലത്തെ പരാമര്‍ശിക്കാന്‍ ഉപയോഗിച്ചിരുന്നതായി ചരിത്രരേഖകളില്‍ കാണാം. ഇതെല്ലാംതന്നെ കേരളത്തിലെ മോഹിനിയാട്ടവും ദാസിയാട്ടവും തമ്മിലുള്ള അഭേദ്യ ബന്ധത്തിലേക്ക് വിരല്‍ ചൂണ്ടുന്നു.

2 comments:

  1. മനോഹരമായിരിക്കുന്നു നീനാ... ഈ ചരിത്രത്തിൽ നിന്നുള്ള വിവരണങ്ങൾ

    ReplyDelete

Followers