Saturday, 26 June 2010

പെരുമാള്‍ ഭരണകാലത്തെ മോഹിനിയാട്ടം

പുരാതന കാലത്ത് കേരളം പ്രസിഡന്റ്ഭരണത്തിനു കീഴിലായിരുന്ന നിരവധി സന്ദര്‍ഭങ്ങള്‍ കണ്ടെടുക്കാനാകും.അക്കാലത്ത് പ്രസിഡന്‍റ് അറിയപ്പെട്ടിരുന്നത് പെരുമാള്‍ എന്നായിരുന്നു.കേരളത്തിലെ ഗോത്രത്തലവന്‍മാര്‍ പന്ത്രണ്ടുവര്‍ഷത്തിലൊരിക്കല്‍ തങ്ങളുടെ പെരുമാളെ തിരഞ്ഞെടുക്കാന്‍ ഒത്തുകൂടിയിരുന്നു.ഇത്തരത്തില്‍ തിരഞ്ഞെടുക്കുന്നപെരുമാള്‍ ഒരിക്കലും കേരളീയനായിരുന്നില്ല.പകരം തമിഴ്നാട്ടുകാരനോ ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ കന്നടക്കാരനോ ആയിരുന്നു.മിക്ക പെരുമാള്‍മാരും തമിഴ്നാട്ടുകാരായിരുന്നു.തിരുവഞ്ചിക്കുളത്തായിരുന്നു (കൊച്ചിയ്ക്കടുത്ത്) പെരുമാളിന്റെ ആസ്ഥാനമന്ദിരം.തമിഴന്‍മാരായ പെരുമാള്‍ മാര്‍ക്കുവേണ്ടി സംഘടിപ്പിച്ചിരുന്ന വിരുന്നുകളില്‍ അവര്‍ക്ക് പ്രിയങ്കരരായിരുന്ന ദേവദാസികളേയും ഉള്‍പ്പെടുത്തിയിരുന്നു.മിക്കവാറും ദേവദാസികള്‍ കേരളത്തിലേക്ക് വന്നിരുന്നത് പാലക്കാട് വഴിയായിരുന്നു.ഇത്തരത്തില്‍ വരുന്ന ദേവദാസികള്‍ തങ്ങിയിരുന്നത് തിരുവഞ്ചിക്കുളത്തായിരുന്നില്ല. പകരം അവര്‍ പേരുകേട്ട ചില ക്ഷേത്രങ്ങളിലാണ് തങ്ങിയിരുന്നത്.ആ ക്ഷേത്രങ്ങളാകട്ടെ പെരുമാളുടെ പതിവു സന്ദര്‍ശന കേന്ദ്രങ്ങളുമായിരുന്നു.പഴയന്നൂര്‍ ,കൊരട്ടിക്കര, പെരുങ്ങോട്ടുകുറിശ്ശി,തുടങ്ങിയസ്ഥലങ്ങള്‍ ഇത്തരത്തില്‍, നൂറ്റാണ്ടുകളോളം പല പ്രഗല്ഭരായ ദേവദാസികളുടേയും കുടുംബവീടുകള്‍കൊണ്ട് പ്രസിദ്ധമായിരുന്നു.

പതിനാലാം നൂറ്റാണ്ടിലെ മുസ്ലീം ഭരണകര്‍ത്താക്കളുടെ ആഗമനം തമിഴ്നാട്ടില്‍നിന്ന് പല ദേവദാസികുടുംബങ്ങളേയും കേരളത്തിലേക്ക് വേരോടെ പറിച്ചുനട്ടതായി രാമപിഷാരടി അഭിപ്രായപ്പെടുന്നു. അക്കാലത്ത് ക്ഷേത്രങ്ങളിലും കൊട്ടാരങ്ങളിലും യഥേഷ്ടം നൃത്തരൂപങ്ങള്‍ അരങ്ങേറിയിരുന്നു.പക്ഷേ അവയൊന്നുംതന്നെ മോഹിനിയാട്ടം എന്നപേരിലറിയപ്പെട്ടിരുന്നില്ല.അഥവാ അറിയപ്പെട്ടിരുന്നുവെങ്കില്‍ അക്കാലത്ത് രചിക്കപ്പെട്ട കൃതികളില്‍ ആ പേര് പരാമര്‍ശിക്കപ്പെട്ടുകാണുമായിരുന്നു.പതിനാലാം നൂറ്റാണ്ടിലെഴുതപ്പെട്ട ലീലാതിലകത്തില്‍ സുന്ദരികളായ നര്‍ത്തകിമാരെക്കുറിച്ച് പരാമര്‍ശിച്ച ലീലാതിലകകാരന്‍, മോഹിനിയാട്ടത്തെക്കുറിച്ച് പറയുന്നില്ല. പതിനൊന്നാം നൂറ്റാണ്ടില്‍ തിരുവല്ല ക്ഷേത്രത്തില് ഓണാഘോഷത്തോടനുബന്ധിച്ച് നാല് തേവിടിശ്ശികള്‍ നടത്തിയ നൃത്തപരിപാടിയെക്കുറിച്ചുവിശദീകരിക്കുന്ന രേഖകളിലും മോഹിനിയാട്ടമെന്നപദം കാണുന്നില്ല.
"മോഹിനിയാട്ടം മുതലായ ആട്ടക്കാര്‍ക്കുള്ള പ്രതിഫലം" - എന്ന വാചകത്തില്‍ ,1709ല്‍ എഴുതപ്പെട്ട വ്യവഹാരമാലയിലാണ് ആദ്യമായി മോഹിനിയാട്ടം എന്നുപയോഗിച്ചുകാണുന്നത്. ഇതിനോടു സമാനതയുള്ളൊരു പരാമര്‍ശത്തിന്റെ രേഖകള്‍ പതിനെട്ടാം നൂറ്റാണ്ടിലെ ചില ഗ്രന്ധങ്ങളില്‍ നിന്നും ലഭ്യമായിട്ടുണ്ട്.ഇതില്‍ നിന്നും വ്യക്തമാകുന്നത്, പതിനേഴാം നൂറ്റാണ്ടിലെ ഏതോഒരു നര്‍ത്തകനോ നര്‍ത്തകിയോ കേരളത്തില്‍ അന്നു പ്രചാരത്തിലുണ്ടായിരുന്ന ദാസിയാട്ടത്തെ തന്റേതായ ശൈലിയില്‍, കാതലായ മാറ്റത്തോടെ ചിട്ടപ്പെടുത്തി പുതിയൊരുപേരില്‍ രംഗത്തവതരിപ്പിച്ചിരിക്കാം എന്നുതന്നെയാണ് .അതെന്തുതന്നെയായിരുന്നാലും തമിഴ്നാട്ടില്‍ ദാസിയാട്ടത്തിനു ലഭിച്ചപ്രചാരം കേരളത്തില്‍ മോഹിനിയാട്ടത്തിനു ലഭിച്ചില്ല എന്നത് സുവ്യക്തം.
 
തമിഴ്നാട്ടിലെ തഞ്ചാവൂര്‍ ത്രയങ്ങള്‍ ഭരതനാട്യത്തെ ഇന്നു കാണുന്ന പരിഷ്കൃതരൂപത്തിലേക്ക് ആവാഹിച്ചതുപോലെ, കേരളത്തിലെ സ്വാതിതിരുനാള്‍, ഇരയിമ്മന്‍തമ്പി,കിളിമാനൂര്‍ കോയിത്തമ്പുരാന്‍ എന്നീ സംഗീത തൃമൂര്‍ത്തികള്‍ തങ്ങളുടെ പ്രതിഭകള്‍ഒരുമിച്ചുചേര്‍ത്ത് ദാസിയാട്ടത്തില്‍നിന്നും കടഞ്ഞെടുത്ത സമാനതകളില്ലാത്ത നടനാമൃതമാകാം മോഹിനിയാട്ടം.വടിവേലുവിന്റെയും സുഗന്ധവല്ലിയുടേയും നടനവൈഭവങ്ങള്‍ കൂടി ശ്രുതിചേര്‍ന്നപ്പോള്‍ അത് ലക്ഷണമൊത്ത ഒരു കാവ്യചാരുതയായി കേരളീയ കലയുടെ നീലാകാശത്ത് പൂര്‍ണതയുടെ പര്യായമായി ജ്വലിച്ചു നിന്നിരിക്കാം.

സ്വാതിക്കുശേഷം ഭരണമേറ്റെടുത്ത ഉത്രം തിരുനാള്‍ കഥകളിയെ നെഞ്ചേറ്റിയതോടെ മോഹിനിയാട്ടം സഹൃദയരില്‍ നിന്നും നാള്‍ക്കുനാള്‍ അകന്നുതുടങ്ങി.സ്വാതീസദസ്സില്‍ പ്രസിദ്ധനായിരുന്ന കൊട്ടാരം സംഗീതജ്ഞന്‍ ശ്രീ പരമേശ്വരഭാഗവതര്‍ സ്വദേശമായ പാലക്കാട്ടേക്ക് തിരിച്ചെത്തുകയും കൊയമ്പത്തൂരിലെ ചില തമിഴ്സുഹൃത്തുക്കളുടെ സഹായത്തോടെ നാട്ടിലെ സാധാരണകുടുംബങ്ങളിലെ കുട്ടികളെ മോഹിനിയാട്ടം അഭ്യസിപ്പിക്കുകയും ചെയ്തിരുന്നുവത്രേ.അഞ്ചാറു വര്‍ഷങ്ങള്‍ക്കുശേഷം എങ്ങുമെത്താതെ ആ സംരംഭവും നിലച്ചു.എങ്കിലും ആ ഉദ്യമത്തില്‍നിന്നും ഉദയംചെയ്ത ശിഷ്യപരമ്പരയിലെ ഏതോഒരു കണ്ണിയില്‍നിന്നുതന്നെയാകണം പില്‍ക്കാലത്ത് മോഹിനിയാട്ടം  ചിറകുകുടഞ്ഞ് ഉയിര്‍ത്തെഴുനേറ്റത്.

Thursday, 24 June 2010

മോഹിനിയാട്ടത്തിന്റെ വേരുകള്‍ തേടി ചരിത്രത്തിന്റെ ആഴങ്ങളിലേക്കു വീണ്ടും.....


മോഹിനിയാട്ടത്തിന്റെ കാലപ്പഴക്കം സംബന്ധിച്ച് ചരിത്രകാരന്‍മാര്‍ക്കിടയില്‍ വിരുദ്ധാഭപ്രായം നിലനില്‍ക്കുന്നു.ഈ കലാരൂപത്തിന് തമിഴ് ഇതിഹാസങ്ങളായ ചിലപ്പതികാരത്തോളവും മണിമേഘലയോളവും പഴക്കമുണ്ടെന്ന് ഒരുകൂട്ടര്‍ വാദിക്കുമ്പോള്‍ പത്തൊന്‍പതാം നൂറ്റാണ്ടില്‍ സ്വാതി തിരുനാളിന്റെ സദസ്സില്‍ രൂപംകൊണ്ടതാണീ കലാരൂപമെന്ന് മറ്റൊരുകൂട്ടര്‍ വിശ്വസിക്കുന്നു.

പതിനേഴാം നൂറ്റാണ്ടിനു മുന്‍പേതന്നെ തെക്കേ ഇന്ത്യയില്‍ ദാസിയാട്ടം നിലനിന്നിരുന്നൂ എന്നതില്‍ തര്‍ക്കമില്ല.ക്രിസ്തുവിനുമുന്‍പേതന്നെ ഈ കലാരൂപം പ്രചാരത്തിലുണ്ടായിരുന്നിരിക്കാനും ഇടയുണ്ട്.ചിലപ്പതികാരത്തില്‍ പരാമര്‍ശിക്കുന്ന പ്രതിനായിക മാധവി പേരുകേട്ട നര്‍ത്തകിയായിരുന്നു. മാധവി അവതരിപ്പിച്ചിരുന്ന നൃത്തം ഭരതനാട്യമായിരുന്നില്ല മറിച്ച് ദാസിയാട്ടമായിരുന്നു. ചിലപ്പതികാരത്തിലെ നൃത്തവിവരണത്തില്‍നിന്നും അന്നത്തെ ദാസിയാട്ടത്തില്‍ ഭരതമുനിയുടെ നാട്യശാസ്ത്രത്തിന്റ സ്വാധീനം വ്യക്തമായി ദര്‍ശിക്കാം. ആര്യന്‍മാരുടെ അധിനിവേശത്തോടെ സംസ്കൃതഭാഷ പ്രചുരപ്രചാരം നേടുകയും അതിനനുസൃതമായി സംസ്കൃതഭാഷാപ്രാവീണ്യമുണ്ടായിരുന്ന ചില ദേവദാസികള്‍ നാട്യശാസ്ത്രത്തിന്റെ സത്തയുള്‍ക്കൊണ്ട് തങ്ങളുടെ ദാസിയാട്ടത്തെ കൂടുതല്‍ മികവോടെ ചിട്ടപ്പെടുത്തുകയും ദാസിയാട്ടം കൂടുതല്‍ മിഴിവുറ്റതാകുകയും ചെയ്തു.ചോള,ചേര രാജാക്കന്‍മാരുടെ കാലത്തുതന്നെ ദാസിയാട്ടം തെക്കെഇന്ത്യയില്‍ പ്രചാരത്തിലുണ്ടായിരുന്നു.തമിഴ്നാട്ടിലെ ഭക്തിപ്രസ്ഥാന കാലഘട്ടമായിരുന്നൂ അതെന്നതുകൊണ്ടുതന്നെ അക്കാലത്ത് ദാസിയാട്ടം വളരെ ആഢ്യത്തമുള്ളഒരു കലയായി പരക്കെ അംഗീകരിക്കപ്പെടുകയും ചെയ്തിരുന്നു.കേരളത്തിലെ കുലശേഖരആഴ്വാര്‍ തന്റെ ഒരു മകളെ ദേവദാസിയായി രംഗനാഥനു സമര്‍പ്പിച്ചിരുന്നൂ എന്നതുതന്നെ അന്നത്തെകാലത്ത് സമൂഹത്തില്‍ ദേവദാസികള്‍ക്കുണ്ടായിരുന്ന പവിത്രമായ സ്ഥാനവും അന്തസ്സും വിളിച്ചോതുന്നു.ചോള ,ചേര,പാണ്ഡ്യ രാജവംശങ്ങളുടെ ചേരിതിരിവ്‍ ദേവദാസികളെ പ്രതികൂലമായി ബാധിക്കുകയും അവര്‍ സംരക്ഷണത്തിനായി നാട്ടുപ്രമാണിമാരെയും പ്രഭുക്കന്‍മാരെയും ആശ്രയിക്കാന്‍ നിര്‍ബന്ധിതരാകുകയും ചെയ്തു.നാട്ടുപ്രമാണിമാരുടെ ചേരിതിരിഞ്ഞുള്ള ഭരണത്തില്‍ നീതിന്യായവ്യവസ്ഥിതികളും സദാചാരബോധവും തകിടം മറിഞ്ഞു.ഈ മാറ്റങ്ങള്‍ക്കിടയില്‍ ദേവദാസികള്‍ മറ്റുവിഭാഗങ്ങളേക്കാള്‍ക്കൂടുതലായി എല്ലാ അര്‍ത്ഥത്തിലും ക്രൂരമായി ചൂഷണംചെയ്യപ്പെട്ടു.അധികം വൈകാതെ ദാസിയാട്ടം നിയമപ്രകാരം നിര്‍ത്തലാക്കപ്പെടേണ്ടി വരുന്നിടത്തെത്തിച്ചേര്‍ന്നൂ കാര്യങ്ങള്‍.
 ഭരതനാട്യത്തിനും കുച്ചുപ്പുടിക്കുമെന്നതുപോലെ മോഹിനിയാട്ടത്തിനും അടിത്തറപാകിയത് ദാസിയാട്ടമായിരുന്നു. കുച്ചുപ്പുടി എന്ന കലാരൂപത്തിന് കേവലം 500 വര്‍ഷത്തെ പഴക്കം മാത്രമേയുള്ളൂ.
പതിനഞ്ചാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ ദാസിയാട്ടത്തിന്റെ അധപതനം അതിന്റെ പാരമ്യത്തിലെത്തിയിരുന്നു. ഈ കാലഘട്ടത്തിലാണ് മനോഹരമായ ആ കലാരൂപത്തിന്റെ അവസ്ഥയില്‍ മനംനൊന്ത പ്രഗല്ഭനായ ഒരു കലാകാരന്‍ ദാസിയാട്ടത്തിന്റെ കലാമൂല്യമുള്‍ക്കൊള്ളുന്ന സത്തയെ മാത്രംആവാഹിച്ച് തന്റേതായചിലകൂട്ടിച്ചേര്‍ക്കലുകളോടുകൂടി പുതിയൊരു നൃത്തരൂപം ചിട്ടപ്പെടുത്തിയത്.പക്ഷേ ആ പുതിയ നൃത്തരൂപം അഭ്യസിപ്പിക്കാന്‍ അദ്ദേഹത്തിന് പെണ്‍കുട്ടികളെ കിട്ടിയില്ല.കാരണം അപ്പോഴക്കും ദാസിയാട്ടം സമൂഹത്തില്‍ അത്രമാത്രം വെറുക്കപ്പെട്ടഒന്നായി മാറിക്കഴിഞ്ഞിരുന്നു. ഒടുവില്‍ ആ കലാരൂപം അദ്ദേഹം ആണ്‍കുട്ടികളെ പഠിപ്പിക്കുകയും പില്ക്കാലത്ത് കുച്ചുപ്പുടി എന്നപേരില്‍ പ്രചുരപ്രചാരം നേടിയ ആകലാരൂപത്തിന്റെ പ്രചാരകര്‍ പുരുഷന്‍മാരായിത്തീരുകയും ചെയ്തു.ഇന്നും അറിയപ്പെടുന്ന കുച്ചുപ്പുടി അവതാരകരില്‍ ഭൂരിഭാഗവും പുരുഷന്‍മാരാണ്.പിന്നീട് കലാക്ഷേത്റയിലെ ശ്രീമതി രുക്മിണീദേവി തന്റെ ശിഷ്യകളെ ഭരതനാട്യത്തോടൊപ്പം കുച്ചിപ്പുടികൂടി പഠിപ്പിക്കാന്‍ തുടങ്ങിയതോടെയാണ് നര്‍ത്തകിമാര്‍ പതിയെ കുച്ചിപ്പുടിയിലേക്ക് രംഗപ്രവേശംചെയ്തുതുടങ്ങിയത്.

മോഹിനിയാട്ടം എന്നപദം പ്രചാരത്തിലുളളത് കേരളത്തില്‍ മാത്രമാണെങ്കിലും മോഹിനിഎന്നപദം നൃത്തമാടുന്നപെണ്‍കുട്ടികളെ പരാമര്‍ശിക്കുന്നതിനായി തമിഴ്നാട്ടില്‍ പരക്കെ പ്രയോഗിച്ചിരുന്നതായി കാണാം.'മോഹിനീപണം' എന്നൊരു പദംതന്നെ നൃത്തമാടുന്നപെണ്‍കുട്ടികള്‍ക്കുള്ള പ്രതിഫലത്തെ പരാമര്‍ശിക്കാന്‍ ഉപയോഗിച്ചിരുന്നതായി ചരിത്രരേഖകളില്‍ കാണാം. ഇതെല്ലാംതന്നെ കേരളത്തിലെ മോഹിനിയാട്ടവും ദാസിയാട്ടവും തമ്മിലുള്ള അഭേദ്യ ബന്ധത്തിലേക്ക് വിരല്‍ ചൂണ്ടുന്നു.

Followers