
സ്വാതി തിരുനാളിനുശേഷം ഏറെക്കാലം മോഹിനിയാട്ടം പോലുള്ള ശാസ്ത്രീയ നൃത്തരൂപങ്ങള്‍ സ്ത്രീകള്‍ രംഗത്തവതരിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കപ്പെട്ടിരുന്നില്ലെങ്കിലും കേരളത്തിലെ വനിതകളുടെ തനതു സംഘനൃത്തമായിരുന്ന കൈകൊട്ടിക്കളി പരക്കെ അംഗീകരിക്കപ്പെട്ട ഒന്നായിരുന്നു.സുദീര്‍ഘവും മംഗളകരവുമായ ദാമ്പത്യം പ്രധാനംചെയ്യുന്ന കലാരൂപം എന്ന വിശ്വാസത്തിന്റെ പിന്‍ബലംകൂടി കൈകൊട്ടിക്കളിക്കുണ്ടായിരുന്നു.സ്ത്രീകള്‍ ചെറുസംഘങ്ങളായിതിരിഞ്ഞാണ് ഇതഭ്യസിച്ചിരുന്നത്. തിരുവാതിരക്കളി,കുമ്മികളി എന്നീ പേരുകളിലറിയപ്പെട്ടിരുന്നതും ചെറിയ ദേശാന്തര വ്യത്യാസങ്ങളോടുകൂടിയ കൈകൊട്ടിക്കളിതന്നെയാണ്.പുരാതനകാലത്ത് തിരുവാതിരനാളില്‍തുടങ്ങി അടുത്തമാസം തിരുവാതിരവരെ 28 ദിവസം നീളുന്നതായിരുന്നു തിരുവാതിരക്കളി.ആദ്യതിരുവാതിരയ്ക്കുമുന്‍പുള്ള മകംനാളില്‍ തുടങ്ങുന്ന എട്ടങ്ങാടി എന്നപഥ്യഭക്ഷണത്തോടെയാണ് തിരുവാതിരയുടെ തുടക്കം.ചേമ്പ്, ചേന, കാച്ചില്‍, കായ, കിഴങ്ങ്, പയര്‍, പഞ്ചസാര, തേന്‍ എന്നിവയാണ് എട്ടങ്ങാടിയുടെ ചേരുവകള്‍. എന്നാല്‍ ചിലയിടങ്ങളില്‍ ധനുമാസത്തിലെ തിരുവോണംനാളില്‍ തുടങ്ങി തിരുവാതിര നാളില്‍ അവസാനിക്കുന്ന 11ദിവസം നീളുന്ന ഒരുകലാരൂപമായും ഇതവതരിപ്പിച്ചിരുന്നു.
തിരുവാതിരക്കളിക്കാരുടെ സംഘത്തിന് ഒരു നായിക ഉണ്ടായിരിക്കും അവള്‍ ചൊല്ലുന്ന വരികള്‍ മറ്റുള്ളവര്‍ ഏറ്റുചൊല്ലുകയാണ് പതിവ്‍.ലാസ്യരസപ്രധാനമായിരിക്കും വരികള്‍. തിരുവാതിരക്കളിപ്പാട്ടുകള്‍ക്ക് വന്ദനശ്ലോകം,കുമ്മി,മംഗളം എന്നീ മൂന്നു ഭാഗങ്ങള്‍ നിര്‍ബന്ധമാണ്.. കളിക്കാര്‍, ഒന്നരയും കസവുകരയുളള കോടിക്കളര്‍ വേഷ്ടിയും മുണ്ടും ധരിച്ച് കത്തിച്ചുവെച്ച നിലവിളക്കിനും നിറപറയ്ക്കും ചുറ്റുമായി വട്ടത്തില്‍ നിന്ന് പരസ്പരം താളത്തില്‍ കയ്യടിച്ചുകളിക്കുന്നു.വാലിട്ടു കണ്ണെഴുതി ,കുങ്കുമവും ,ചന്ദനക്കുറിയുംതൊട്ട് മുടികെട്ടിവെച്ച് മുല്ലപ്പൂവും ദശപുഷ്പവും( കൃഷ്ണക്രാന്തി,ചെറൂള, മുയല്‍ചെവിയന്‍,ഉഴിഞ്ഞ,മുക്കുറ്റി, തിരുതാളി,കറുക,കയ്യുണ്ണി,നിലപ്പന,പൂവാംകുറുന്നില എന്നീ 10 ഔഷധഗുണമുള്ള കേരളീയനാട്ടുചെടിയുടെ ഇലകള്‍)ചൂടി ആഭരണങ്ങളണിഞ്ഞ് കന്യകമാരെന്നോ,സുമംഗലികളായ മധ്യയവയസ്ക്കരെന്നോ വ്യത്യാസമില്ലാതെ സ്ത്രീകള്‍ കൈകൊട്ടിക്കളിയില്‍ഒത്തുചേര്‍ന്നു. സാധാരണയായി വാര്യങ്ങളും ഇല്ലങ്ങളുമായിരുന്നൂ തിരുവാതിരക്കളിയുടെ അരങ്ങുകള്‍.അതുകൊണ്ടുതന്നെ ഈ കലാരൂപം വലിയൊരു കാലയളവുവരെ ഉന്നതകുലജാതരായ സ്ത്രീകള്‍ക്കിടയിലൊതുങ്ങിനിന്നു.പൊതുവേദികളിലവതരിപ്പിക്കപ്പെടാന്‍ തുടങ്ങിയതോടെയാണ് ജാതീയ അതിര്‍വരമ്പുകള്‍ ഭേദിച്ച് മറ്റുപലകലാരൂപങ്ങളെയുമെന്നപോലെ കൈകൊട്ടിക്കളിയും ജനകീയമായത്‍.ലളിതതമായ ചുവടുകളാണ് തിരുവാതിരക്കളിയുടെ പ്രത്യേകത അതുകൊണ്ടുതന്നെ മുന്നൊരുക്കങ്ങളില്ലാതെത്തന്നെ പെട്ടന്നുകടന്നുവരുന്നഒരാള്‍ക്കും ഇതില്‍ പങ്കുചേരാം.ഓണം , തിരുവാതിര തുടങ്ങിയ ആഘോഷങ്ങളിലാണ് സാധാരണ തിരുവാതിരക്കളി അവതരിക്കപ്പെട്ടിരുന്നത്. കൂടാതെ നമ്പൂതിരി ഇല്ലങ്ങളില്‍ കല്ല്യാണങ്ങളിലും ഇതവതരിപ്പിച്ചിരുന്നു.പഴയകാലത്ത് വീടുകളില്‍ തിരുവാതിരകളി പഠിപ്പിക്കാനായി പ്രത്യേകം ആശാന്മാരെത്തിയിരുന്നു. ഈ ആശാന്മാര്‍ ഒരു സംഘം വനിതകളെ പഠിപ്പിക്കുന്നതിനൊപ്പം ഒന്നോ രണ്ടൊ ആണ്‍കുട്ടികളെയും പഠിപ്പിക്കും. ഈ ആണ്‍കുട്ടികള്‍ കളിയില്‍ പങ്കെടുക്കുകയില്ലെങ്കിലും അവര്‍ പിന്നീട് കളിയാശാന്മാരായിത്തീരും. ഹാര്‍മോണിയം ഉപയോഗിച്ച് ശ്രുതിയിട്ടു പാടിയിരുന്നതിനാല്‍ ചിലയിടങ്ങളില്‍ പെട്ടിവെച്ചുകളി എന്നും ഇതറിയപ്പെട്ടിരുന്നു.
അപ്പോഴേക്കും തേവിടിശ്ശിയാട്ടമെന്നപേരില്‍ തെരുക്കൂത്തായി മലിനമാക്കപ്പെട്ട് മൃതപ്രാണയായിക്കഴിഞ്ഞിരുന്ന മോഹിനിയാട്ടത്തെ ചില സഹൃദയരായ കൈകൊട്ടിക്കളിയാശാന്‍മാര്‍ കണ്ടെടുത്തു. 1920-കളില്‍ കൊരട്ടിക്കര എന്നയിടത്തു കൈകൊട്ടിക്കളി പഠിപ്പിച്ചു വന്നിരുന്ന കളിയാശാന്‍ കളമൊഴി കൃഷ്ണമേനോന്റെ ശിഷ്യകളില്‍ ചിലര്‍ മോഹിനിയാട്ടത്തിലാകൃഷ്ടരായി അതുകൂടിപരിശീലിച്ചുവന്നു.അവരില്‍നിന്നും പഴയന്നൂര്‍ ചിന്നമ്മുഅമ്മ, പെരിങ്ങോട്ടുകുറിശ്ശി ഓ.കല്യാണിഅമ്മ, കൊരട്ടിക്കര മാധവിഅമ്മ, ഇരിങ്ങാലക്കുട നടവരമ്പ് കല്യാണിഅമ്മ തുടങ്ങിയവരെ അപ്പേക്കാട്ടു കൃഷ്ണമേനോന്‍ സകല എതിര്‍പ്പുകളേയും അവഗണിച്ചുകൊണ്ട് മോഹിനിയാട്ടം അഭ്യസിപ്പിക്കുവാന്‍ തുടങ്ങി.മരണത്തോട് മല്ലടിച്ചിരുന്ന മോഹിനിയാട്ടത്തിന് പുതുജീവന്‍ പകരുന്നതായിരുന്നൂ ആ ഉദ്യമം.